തിരുവനന്തപുരം: ആഗ്രയില്‍ വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ച നടപടിയില്‍ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അത്യന്തം അപലപനീയമായ സംഭവമാണ് നടന്നതെന്നും ആക്രമണം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ പ്രതിച്ഛായ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Subscribe Us:

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഫത്തേപ്പൂര്‍ സിക്രി മുഗള്‍കാല രാജകീയ പ്രൗഢി പേറുന്ന സ്മാരകമാണ്. ഇത് കാണാനെത്തിയ വിദേശികളെ ആക്രമിച്ചവര്‍ക്ക് മറ്റ് ഗൂഢോദ്ദേശമുണ്ടോയെന്നത് അന്വേഷിക്കണം.


Also Read താജ്മഹലില്‍ മുസ്‌ലീങ്ങള്‍ നിസ്‌കരിക്കുന്നത് അവസാനിപ്പിക്കുക; അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥനയ്ക്ക് കൂടി അനുമതി നല്‍കുക: ആര്‍.എസ്.എസ്


യു.പി. സര്‍ക്കാര്‍ വളരെ ഗൗരവമായി തന്നെ ഇക്കാര്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ തന്നെ അപമാനിക്കുന്ന ക്രിമിനല്‍ തേര്‍വാഴ്ച്ചയാണ് അവിടെ നടന്നത്. അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

താജ്മഹല്‍ പോലുള്ള രാജ്യത്തിന്റെ അഭിമാന സ്മാരകങ്ങള്‍ക്ക് എതിരെ പോലും സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ സന്ദര്‍ശകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക നേരത്തെ തന്നെ പൊതുസമൂഹം ഉയര്‍ത്തിയതാണ്.

വിനോദസഞ്ചാരികളെ രാജ്യത്തിന്റെ അതിഥികളായി കണ്ട് സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് സര്‍ക്കാരിനും സമൂഹത്തിനും ബാധ്യതയുണ്ട്. സ്ത്രീകള്‍ അടക്കമുള്ള വിനോദസഞ്ചാരികളെ ആക്രമിച്ച സാമൂഹ്യ വിരുദ്ധ ശക്തികളോട് പറയാനുള്ളത് ഒന്ന് മാത്രം ‘മാ നിഷാദ’.- കടകംപള്ളി പറയുന്നു.

പ്രശസ്ത ചരിത്ര സ്മാരകമായ ഫത്തേപ്പൂര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയ സ്വിസ് സഞ്ചാരികളായ ക്വെന്റില്‍ ജെറമി ക്ലാര്‍ക്ക്, മാരിഡ്രോസ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്.