തിരുവനന്തപുരം: രാജിവെച്ച നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജിനെ സി.പി.ഐ.എമ്മിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ യു.ഡി.എഫ് ഗൂഢാലോചനയുണ്‌ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പണവും മന്ത്രിപദവും വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് ശെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചത്.

ഇന്ന് രാവിലെ അഞ്ചു മണിക്ക് ശെല്‍വരാജും ഒരു യു.ഡി.എഫ് നേതാവും ചേര്‍ന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവെച്ചത്.

രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ ശെല്‍വരാജ് ഉന്നയിച്ച ആരോപണങ്ങള്‍ വര്‍ഗവഞ്ചന മറച്ചുപിടിക്കാന്‍ വേണ്ടിയുള്ളതാണ്. ഈ ആരോപണങ്ങളൊന്നും ശെല്‍വരാജ് ഒരിക്കല്‍ പോലും പാര്‍ട്ടിവേദിയില്‍ ഉന്നയിച്ചിട്ടില്ല. പാര്‍ട്ടിയില്‍ ഏതെങ്കിലും നേതാവ് തന്നോട് ഫാസിസ്റ്റ് രീതിയില്‍ പെരുമാറിയതായി ശെല്‍വരാജ് ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല.

മുഖ്യമന്ത്രിയുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ തുടര്‍ച്ചയായി ശെല്‍വരാജിന്റെ രാജി. മുഖ്യമന്ത്രി അദ്ദേഹത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു. പിറവം ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ യു.ഡി.എഫിലിക്കില്ലെന്ന് ശെല്‍വരാജ് പറയും. എന്നാല്‍ അതിനുശേഷം അദ്ദേഹവും യു.ഡി.എഫും വാക്കുമാറ്റുമെന്ന കാര്യം അടിവരയിട്ട് പറയുന്നുവെന്നും കടകംപള്ളി പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന് സ്ഥാനം നല്‍കിയത് തോല്‍ക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണെന്ന അദ്ദേഹത്തിന്റെ ആരോപണം ശരിയല്ല. പാര്‍ട്ടിയുടെ തീരുമാനമായിരുന്നു ശരിയെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ശെല്‍വരാജിന് മനസിലായിക്കാണും. എന്നാല്‍ പാറശ്ശാലയില്‍ സീറ്റ് കിട്ടാത്ത ശെല്‍വരാജ് തന്നെ കൊല്ലാന്‍ പോകുകയാണ്, പാര്‍ട്ടി തോല്‍ക്കാന്‍ നിര്‍ത്തിയതാണ് എന്നൊക്കെ പറഞ്ഞു നടന്നു. ഇത് പാറശാലയിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടായിരിക്കാമെന്നും കടകംപള്ളി പറഞ്ഞു.

Malayalam news

Kerala news in English