എഡിറ്റര്‍
എഡിറ്റര്‍
പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയില്‍ കുമ്മനം കയറിക്കൂടിയത് സുരക്ഷാ വീഴ്ച: അന്വേഷണം വേണമെന്ന് മന്ത്രി കടകംപള്ളി
എഡിറ്റര്‍
Saturday 17th June 2017 3:31pm

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയിലെ നാടമുറിക്കലിലും മെട്രോ ട്രെയിനിലെ യാത്രയിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കടന്നു കയറിയത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം അന്വേഷിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാന്‍ ഇ.ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാള്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറിയത്. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓര്‍ക്കണം. ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.


‘ചതിച്ചതാ കുമ്മനത്തെ ചതിച്ചതാ’; കുമ്മത്തെ വെട്ടിമാറ്റിയ ഫോട്ടോ ഹാഷ് ടാഗിട്ട് ആഘോഷിച്ച് സൈബര്‍ ലോകം 


ഇ.ശ്രീധരന്‍, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സ്ഥലം എം.എല്‍.എയായ പി.ടി തോമസിനെ പോലും അവര്‍ ഉള്‍പ്പെടുത്താനും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കുമ്മനത്തിന്റെ കടന്നുകയറ്റം.

ഇതാദ്യമായല്ല, പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത മറ്റൊരു വേദിയിലും കുമ്മനം യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു.

താന്‍ പറയുന്നത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല. ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായ പ്രോട്ടോക്കോള്‍ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവര്‍ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

 

 

Advertisement