തിരുവനന്തപുരം: ശബരിമലയിലെത്തിയ സ്ത്രീകള്‍ അമ്പത് വയസ്സ് കഴിഞ്ഞവരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് യൗവനയുക്തരായ സ്ത്രീകളെത്തിയ പരാതി അന്വേഷിച്ച വിജിലന്‍സ് ആചാര വിരുദ്ധമായ് സ്ത്രീകള്‍ പ്രവേശിച്ചില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും മന്ത്രി പറഞ്ഞു.


Also read സദാചാര പൊലീസായി ദല്‍ഹി ഐ.ഐ.ടി ഹോസ്റ്റല്‍; ഹൗസ് ഡേ ആഘോഷത്തിന് പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നോട്ടീസ് 


റിപ്പോര്‍ട്ടര്‍ ചാനലിലെ ‘എന്റെ ചോര തിളയ്ക്കുന്നു’ എന്ന പരിപാടിയില്‍ അവതാരകന്റെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് മന്ത്രി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളെക്കുറിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അമ്പത് വയസ്സ് കഴിഞ്ഞവരാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചതെന്ന് വ്യക്തമാക്കിയത്.

‘സോഷ്യല്‍ മീഡിയകൡ ആചാര വിരുദ്ധമായ് സ്ത്രീകള്‍ പ്രവേശിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സിനോടും ദേവസ്വം കമ്മീഷനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ വിജിലന്‍സ് ചിത്രങ്ങളില്‍ കാണുന്ന രണ്ട് സ്ത്രീകള്‍ എറണാകുളം സ്വദേശികളാണെന്ന് കണ്ടെത്തുകയും ഇരുവരും 50 വയസ്സിന് മുകളിലുള്ളവരാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.’ മന്ത്രി പറഞ്ഞു.

38, 45 വയസ്സ് പ്രായമുള്ളവര്‍ ശബരിമലയിലെത്തിയിരുന്നതായും എട്ട് പേരുണ്ടായിരുന്നതായുമുള്ള ആരോപണങ്ങള്‍ അവതാരകന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പത്താം തീയ്യതി ആചാരങ്ങള്‍ക്ക് വിരുദ്ധമായി നട തുറക്കാന്‍ പാടില്ലായിരുന്നെന്ന് പറഞ്ഞ മന്ത്രി തന്ത്രി ഒറ്റയ്ക്കല്ല ഇത് ചെയ്തതെന്നും ദേവസം ബോര്‍ഡും ചേര്‍ന്നാണ് ഇത് ചെയ്തതെന്നും നട തുറക്കാന്‍ പാടില്ലായിരുന്ന ദിവസം പടി പൂജയടക്കം നടത്താന്‍ അനുവാദം നല്‍കിയത് പരിശോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.