തിരുവനന്തപുരം: ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി സംഘാടകര്‍ വേദിയില്‍ ഒരുക്കിയിട്ട സിംഹാസനം എടുത്തുമാറ്റി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുടം ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഒരുക്കിയ വേദിയില്‍ നിന്നാണ് കടകംപള്ളി വി.എസ് ശിവകുമാര്‍ എം.എല്‍.എയുടെ സഹായത്തോടെ സിംഹാസനം എടുത്തുമാറ്റിയത്.

Subscribe Us:

അതേസമയം തനിക്കുവേണ്ടിയൊരുക്കിയതാണ് അതെന്നു കരുതിയാണ് സിംഹാസനം എടുത്തുമാറ്റിയതെന്ന് മന്ത്രി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

‘പോഷ് ആയ സിംഹാസനം പോലെയുള്ള ഒരു കസേര വേദിയില്‍ കണ്ടു. എനിക്കതു വേണ്ടെന്നു തോന്നി. അത് ആര്‍ക്കുവേണ്ടിയൊരുക്കിയതാണെന്ന് അറിയില്ല. പരിപാടിയുടെ ഉദ്ഘാടകന്‍ ഞാനായിരുന്നു. എനിക്കുവേണ്ടിയാണെന്നാണ് കരുതിയത്.’ മന്ത്രി പറഞ്ഞു.


Must Read: ഞാന്‍ മരിച്ചിട്ടില്ല; കള്ളവോട്ടിന് ‘തെളിവായി’ കെ. സുരേന്ദ്രന്‍ പരേതനാക്കിയ അഹമ്മദ് കുഞ്ഞി കോടതി സമന്‍സ് കൈപ്പറ്റി 


മഠാധിപതിക്കുവേണ്ടി ഒരുക്കിയ സിംഹാസനം ദേവസ്വം മന്ത്രി എടുത്തുമാറ്റിയതിനെ തുടര്‍ന്ന് കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികകള്‍ സ്‌റ്റേജില്‍ കയറാതെ പോയിരുന്നു. സിംഹാസനം എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

ഉദ്ഘാടന പ്രസംഗത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണത്തെ ബി.ജെ.പി നേതാക്കളായ രാജഗോപാലിന്റെയും കുമ്മനത്തെയും വേദയിലിരുത്തി പൊളിച്ച് കടകംപള്ളി കയ്യടി നേടിയിരുന്നു.

‘അമ്പലങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുകയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള തെറ്റിദ്ധാരണ ജനകമായിട്ടുള്ള ചില സ്റ്റേറ്റ്‌മെന്റുകള്‍ ചില കേന്ദ്രങ്ങളില്‍ നിന്നൊക്കെ ചിലപ്പോള്‍ വരാറുണ്ട്. വളരെ വ്യക്തമായിട്ട് പറയാന്‍ ഞാനാഗ്രഹിക്കുകയാണ് കേരളത്തിലെ ഒരമ്പലത്തില്‍ നിന്നും ഒരാരാധനാലയത്തില്‍ നിന്നും ഒരു നയാപൈസപോലും സംസ്ഥാന സര്‍ക്കാറിന്റെ ഖജനാവിലേക്ക് വരുന്നില്ല. കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് അമ്പലങ്ങളുടെയും ഇതര ആരാധനാലയങ്ങളുടെയും വികസനാവശ്യങ്ങള്‍ക്കുവേണ്ടിയും അവിടെ നടക്കുന്ന ഉത്സവാവശ്യങ്ങള്‍ക്കുവേണ്ടിയും ഉപയോഗിക്കുന്നത്. അത് എല്ലാ മതജാതി വിഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നത് എന്ന കാര്യവും മനസിലാക്കേണ്ടതായിട്ടുണ്ട് എന്നാണ് എനിക്കു വളരെ വിനയത്തോടുകൂടി പറയാനുള്ളത്.’ എന്നായിരുന്നു കടകംപള്ളി പറഞ്ഞത്.