കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത ശബ്ദമായിരുന്ന കബീര്‍ സുമന്‍ പാര്‍ട്ടി അംഗത്വവും പാര്‍ലിമെന്റ് അംഗത്വവും രാജിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലെ അഴിമതിയെക്കുറിച്ച് ഒരു ടെലിവിഷന്‍ ചാനലിനോട് പരസ്യ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാവ് മമതാ ബാനര്‍ജി സുമനെതിരെ അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമ ബംഗാളിലെ മാവോവാദികളെ പിന്തുണക്കുന്നയാളായാണ് സംഗീതജ്ഞന്‍ കൂടിയായ കബീര്‍ സുമനെ അറിയപ്പെടുന്നത്. രാജി വിവരം സുമന്‍ പാര്‍ട്ടി നേതാവ് മമതാ ബാനര്‍ജിയെ മൊബൈല്‍ എസ് എം എസിലൂടെ അറിയിക്കുകയായിരുന്നു. ‘ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ലോകസഭയില്‍ നിന്നും ഞാന്‍ രാജിവെക്കുന്നു. എല്ലാ വിജയങ്ങളും നല്ല ആരോഗ്യവും നേരുന്നു’- ഇതായിരുന്നു എസ് എം എസിന്റെ ഉള്ളടക്കം.

തൃണമൂല്‍ നേതൃത്വത്തിലെ ചിലര്‍ അഴിമതി നടത്തുന്നതായി കബിര്‍ സുമന്‍ നടത്തിയ പ്രസ്താവന സംസ്ഥാനത്ത് സി പി ഐ എം ആയുധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുമനും തൃണമൂല്‍ നേതൃത്വവും തമ്മില്‍ അകല്‍ച്ചയുണ്ടായത്. സുമന്റെ അടുത്തിടെ പുറത്തിറങ്ങിയ ആല്‍ബത്തിലെ ലാല്‍ഗഢ് പ്രസ്ഥാനത്തെ പുകഴ്ത്തുന്ന പാട്ടുകളും തൃണമൂല്‍ നേതൃത്വത്തിന് തലവേദനയുണ്ടാക്കിയിരുന്നു. സുമന്റെ രാജിയെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതകരിച്ചിട്ടില്ല.


എന്നെ വിപ്ലവകാരിയാക്കിയത് ഉസ്താദ് അമീര്‍ഖാന്‍:
കബീര്‍ സുമന്‍