കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പുത്തന്‍ പരിഷ്‌കാരങ്ങളോടും രീതികളോടുമുള്ള ജനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു. തന്നെ വിമര്‍ശിച്ചുകൊണ്ടു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പ്രഫസര്‍ക്കെതിരെ കേസെടുത്ത ബംഗാള്‍ സര്‍ക്കാര്‍ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ.എമ്മുകാരെ വിവാഹം കഴിക്കുന്നതും, പാര്‍ട്ടി പത്രങ്ങള്‍ വായനശാലകളില്‍ ഇടുന്നതും മമത സര്‍ക്കാര്‍ തടഞ്ഞത് വാര്‍ത്തയായിരുന്നു. മമതയുടെ ഈ നീക്കങ്ങള്‍ക്കെതിരെ പശ്ചിമബംഗാളിന്റെ പലയിടങ്ങളില്‍ നിന്നും എതിര്‍സ്വരങ്ങളുയരുന്നുണ്ട്.

ഇപ്പോഴിതാ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തന്നെ മമതയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.  ‘പുഞ്ചിരിയോടെ ജീവിക്കൂ’ എന്നു പേരിട്ട ഗാനത്തിലൂടെ മമത കളിയാക്കുകയാണ് തൃണമൂല്‍ എം.പി.  പ്രശസ്ത ഗായകനും ജാദവ്പൂര്‍ എം.പിയുമായ കബീര്‍ സുമനാണ് സര്‍ക്കാറിനെ പരിഹസിക്കാന്‍ ഗാനമെഴുതി ചിട്ടപ്പെടുത്തിയത്.

മമതയെ പരിഹസിക്കുന്ന ഒരു കാര്‍ട്ടൂണ്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതിന്റെ പേരില്‍ ജാദവ്പൂര്‍ സര്‍വകലാശാല പ്രഫസര്‍  അംബികേഷ് മഹാപാത്രയെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് എം.പിയുടെ ഗാനം.  കബീര്‍ സുമന്‍ ഇതിന് മുമ്പും നിരവധി ഗാനങ്ങളിലൂടെയും തന്റെ ബ്ലോഗിലൂടെയും മമതയുടെ നിലപാടുകളെ വിമര്‍ശിച്ചിരുന്നു.

‘പുഞ്ചിരിയോടെ ജീവിക്കൂ;

പുഞ്ചിരിക്കുന്ന മുഖവുമായി ജീവിക്കൂ;

വേദനകള്‍ക്കിടയിലും ചിരിക്കുന്നവരാണ് ബംഗാളികള്‍.

കുഞ്ഞിന്റെ പാലുകുടി ചടങ്ങില്‍ പുഞ്ചിരി നിറഞ്ഞുനില്‍ക്കട്ടെ,

പുഞ്ചരിയുടെ അര്‍ഥം ഇളംപൈതലിനുതന്നെ മനസ്സിലാക്കാന്‍ ഇതു വഴിയൊരുക്കും.

ചിരിക്കാന്‍ നിങ്ങള്‍ കുറെ പണം ചെലവഴിക്കേണ്ടതില്ല;

എല്ലാവരും വളരെ എളുപ്പം പുഞ്ചിരിക്കുന്നു

നിങ്ങള്‍ കണ്ണാടിയില്‍ സ്വന്തം മുഖം കാണുക

എന്നിട്ട് സ്വാഭാവികമായി ചിരിക്കാന്‍ പഠിക്കുക. കൃത്രിമച്ചിരി പാടില്ല.

നിങ്ങള്‍ തൂക്കിലേറ്റപ്പെടാമെന്ന സംശയത്തിനത് ഇടനല്‍കും…’

എന്നാണ് ഗാനത്തിലെ വരികള്‍.

കുറച്ചുദിവസം മുമ്പ് കിഴക്കന്‍ കൊല്‍ക്കത്തയിലെ നോനഡങ്കയിലെ ചേരി നിവാസികളെ ഒഴിപ്പിച്ച പോലീസ് നടപടിയെ വിമര്‍ശിച്ച് സുമന്‍ ഒരു കവിതയെഴുതിയിരുന്നു. പാര്‍ക്ക് സ്ട്രീറ്റ് ബലാല്‍സംഗക്കേസിലെ കുറ്റക്കാരെ കണ്ടെത്തുന്നതില്‍ ഏറെ പങ്കുവഹിച്ച പോലീസ് ഓഫീസര്‍ ഡാംയാന്തി സെന്നിനെ സ്ഥലം മാറ്റിയ നടപടിയെയും സുമന്‍ ഗാനങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. കൂടാതെ പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം നടത്തുന്ന അഴിമതിക്കെതിരെ പരസ്യമായും രഹസ്യമായും ശബ്ദമുയര്‍ത്തുക വഴി സുമന്‍ നേരത്തെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് പാത്രമായിരുന്നു.