ചണ്ഡീഗഡ്: ഇറാനില്‍ നടന്ന ഏഷ്യന്‍ കബഡി ചാംപ്യന്‍ഷിപ്പില്‍ ചിരവൈരികളായ പാക്കിസ്താനെ തോല്‍പ്പിച്ച ഇന്ത്യ കീരീടം നേടി. ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്.

പാകിസ്ഥാനെതിരെ 38 നെതിരെ 53 പോയന്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 24-22 ന് പിന്നിലായിരുന്നു ഇന്ത്യ. എന്നാല്‍ രണ്ടാം പകുതിയില്‍ കളിയിലുടനീളം ഇന്ത്യയുടെ സര്‍വ്വാധിപത്യമായിരുന്നു. ഇന്ത്യന്‍ താരങ്ങളായ സന്ദീപ് സിംഗ് മികച്ച റൈഡറായും ഏകാം സിംഗ് മികച്ച സ്റ്റോപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

ആതിഥേയരായ ഇറാനും നേപ്പാളും മൂന്നാം സ്ഥാനം പങ്കിട്ടു. 8 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യ നേരത്തെ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ഇറാന്‍ , നേപ്പാള്‍ എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിന് പഞ്ചാബ് ഉപ മുഖ്യമന്ത്രിയായ സുഖ്ബീര്‍ സിംഗ് ബാദല്‍ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.