Administrator
Administrator
എത്ര മധുരമാ മാമ്പഴക്കാലം…
Administrator
Sunday 31st July 2011 5:40pm

ka saifudeen ormakalude album

ഭാഗം: ആറ്‌


ഓര്‍മയിലൊരിടത്തൊരു കൂറ്റന്‍ മാവ് നില്‍പുണ്ട്. വിശാലമായ പറമ്പിന്റെ മുക്കാലും മറച്ച് തണലും നിറയെ കായ്കളുമായി താണിറങ്ങി നില്‍ക്കുന്ന മാവ്. അതിന്റെ ചില്ലകളില്‍ മാങ്ങകള്‍പോലെ തൂങ്ങിക്കിടന്നാടുന്നുണ്ട് നിക്കര്‍ മാത്രം ധരിച്ച കുട്ടിക്കുരങ്ങന്മാരെപ്പോലുള്ള കുറെ തെമ്മാടിപ്പിള്ളേര്‍. ചില്ലകളില്‍നിന്ന് ചില്ലകളിലേക്ക് അവര്‍ ചാടി മറിയുന്നു. അതുനോക്കി താഴെ ആകാംക്ഷയോടെ നില്‍ക്കുന്ന കൊച്ചുകുട്ടികളും പെണ്‍കിടാങ്ങളും. മുകളിലെ അഭ്യാസത്തിനിടയില്‍ പൊഴിഞ്ഞ് താഴെവീഴുന്ന മാങ്ങകള്‍ക്കായി കരിയിലകള്‍ക്കു മുകളിലൂടെ അവരുടെ കുഞ്ഞിക്കാലുകള്‍ ഓടിനടന്നു.

മണ്ണില്‍ തൊടാത്ത മാങ്ങകള്‍ തൊലിയടക്കം കടിച്ചീമ്പി തിന്നുകയായിരിക്കും മരക്കൊമ്പിലെ വിരുതക്കൂട്ടം. വായില്‍നിന്ന് കൈകളിലൂടെ മാങ്ങനീര് ഒലിച്ചിറങ്ങും. അത് കൈയടക്കം നക്കിത്തുടച്ച് വായിലാക്കും. ഇടയ്ക്ക് അവര്‍ ദയാപൂര്‍വം താഴേക്ക് ഒന്നോ രണ്ടോ മാങ്ങകള്‍ വലിച്ചെറിഞ്ഞുകൊടുക്കും. അതിനായി താഴെ നടക്കുന്ന കലമ്പലുകള്‍കണ്ട് മുകളിലിരുന്ന് അവര്‍ രസിക്കും. ചിലര്‍ കടിച്ചീമ്പിയ മാങ്ങയണ്ടി താഴെ നില്‍ക്കുന്നവര്‍ക്ക് തലയിലേക്ക് വലിച്ചെറിഞ്ഞ് രസിക്കും.

ആ രസത്തിന്റെ ചരടുപൊട്ടുക ഏറ്റവും മുകളിലെ കൊമ്പില്‍ ഇരിക്കുന്നവന്റെ മുന്നറിയിപ്പ് ഉയരുമ്പോഴായിരിക്കും.
”ചാടിക്കോടാ… ദേ, അങ്ങേര് വരുന്ന്…”

അത് കേള്‍ക്കേണ്ട താമസം പഴുത്ത മാങ്ങകള്‍ കാറ്റില്‍ പൊഴിയുംപോലെ ചില്ലകളില്‍നിന്ന് ഓരോരുത്തരായി നിലത്തേക്ക് ചാടിവീഴും. അതിനും മുമ്പേ മാവിന്‍ ചുവട്ടില്‍ മുകളിലേക്ക് നോക്കി നിന്നവര്‍ കാണാമറയത്ത് എത്തീട്ടുണ്ടാവും. അകലെനിന്ന് മുട്ടന്‍ വടിയുമായി പറമ്പിന്റെ ഉടമസ്ഥനായ കാര്‍ന്നോര്‍ വരുമ്പോഴേക്കും മാവും മാവിന്‍ ചുവടും കാലിയായിട്ടുണ്ടാവും.

ഈ കള്ളനും പോലീസും കളിയില്ലാത്ത ഒരവധിക്കാലം ഓര്‍ക്കാനേ കിട്ടുന്നില്ല. മാമ്പഴത്തിന്റെ മഞ്ഞയും മണവും മധുരവും മാങ്ങാച്ചുനയുടെ പുകച്ചിലുമെല്ലാം ഓരോ അവധിക്കാലത്തിലും കൂട്ടുകാരായിരുന്നു. വാസ്തവത്തില്‍ ഓരോ മാവും ഡിസംബര്‍ അവസാനം മുതല്‍ പൂത്തുതുടങ്ങുന്നത് ഏപ്രില്‍ മേയ് മാസങ്ങളിലെ അവധിനാളുകളില്‍ തിമിര്‍ത്താടുന്ന തെമ്മാടിക്കൂട്ടങ്ങളെ കിനാവുകണ്ടാവണം. എല്ലാ വീട്ടിലും കാണും ഒന്നില്‍ കുറയാത്ത മാവുകള്‍. അവക്ക് നാട്ടില്‍ പരിചിതമായ പേരുകള്‍. മൂവാണ്ടന്‍, തത്തച്ചുണ്ടന്‍, കിളിച്ചുണ്ടന്‍, ചക്കരമാവ്, വെള്ളരിമാവ്, കോമാങ്ങ അങ്ങനെയങ്ങനെ എത്രയെത്ര…

നാട്ടുമാവുകള്‍ മാത്രമല്ല പറങ്കിമാവുകളും ആഞ്ഞിലി പ്ലാവുകളും അമ്പഴവും പുളിമരവുമെല്ലാം കുട്ടിപ്പട്ടാളങ്ങളുടെ നിറഞ്ഞാട്ടത്തിന്റെ ചില്ലകളാണ് അവധിക്കാലങ്ങളില്‍. ആഞ്ഞിലിയോളം ഉയരമുള്ള മറ്റൊരു മരമില്ല. അതിന്റെ എത്താക്കൊമ്പില്‍ മുള്ളുകളുള്ള പുറംതോടുമായി ചെറിയ ചെറിയ ചക്കകള്‍ തൂങ്ങിക്കിടക്കും. പഴുത്തുകഴിഞ്ഞാല്‍ അതിനുള്ളില്‍ ചെറിയ പുളിപ്പും അധികം മധുരവുമുള്ള ചുവപ്പിനോടടുത്ത മഞ്ഞനിറത്തിലെ ചക്കച്ചുളകള്‍.

വഴിയരികില്‍ പഴുത്ത മാങ്ങകളും ചക്കകളുമായി നില്‍ക്കുന്ന ഏത് മരവും കുട്ടികളുടെ പൊതുസ്വത്താണെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം.

അക്കൂട്ടത്തില്‍ ഏറ്റവും വിരുതനായ ഒരു മരംകയറ്റക്കാരനുണ്ടായിരുന്നു. മെലിഞ്ഞുനീണ്ട അവന്‍ കയറിയിറങ്ങാത്ത മാവോ പ്ലാവോ നാട്ടില്‍ വിരളം. അവധിക്കാലത്ത് അധികവും മരക്കൊമ്പിലായിരിക്കും ഇഷ്ടന്റെ വാസം. പഴങ്ങളില്‍ മാത്രമല്ല പറവകളിലും മൂപ്പര്‍ക്ക് താല്‍പര്യമുണ്ട്.

ഇന്നുവരെ കേട്ടിട്ടില്ലാത്ത പേരുകള്‍. കണ്ടിട്ടില്ലാത്ത ആകൃതി. പറഞ്ഞറി- യിക്കാനാവാത്ത വില

മണ്ടപോയ ചില തെങ്ങുകളുണ്ട്. അതില്‍ മരംകൊത്തികള്‍ പണിത വീട്ടിലാണ് തത്തകളും മാടത്തകളും മുട്ടയിടുന്നത്. ഇണകളില്‍ ഒന്ന് അടയിരിക്കുമ്പോള്‍ മറ്റൊന്ന് തീറ്റകള്‍ കൂട്ടിലെത്തിക്കും. കുഞ്ഞുങ്ങള്‍ വിരിഞ്ഞോ എന്നറിയാന്‍ തെങ്ങിലേക്ക് ചെവി ചേര്‍ത്തുവെച്ചാല്‍ മതി. ചെറിയ ശബ്ദം കേള്‍ക്കാം. പിന്നെ അവന്‍ പൊത്തിപ്പിടിച്ച് കയറും. തൂവല്‍ വിരിഞ്ഞുവരുന്ന തത്തക്കുഞ്ഞുങ്ങളുമായി അവന്‍ ഇറങ്ങിവരും. നാട്ടുകാരില്‍ പലര്‍ക്കും തത്തകളെയും മാടത്തകളെയും സപ്ലൈ ചെയ്യുന്നതും അവനാണ്. അവധിക്കാലത്ത് അവന്‍ നിലത്തു നോക്കാറില്ല. മണ്ടപോയ തെങ്ങുകളിലായിരിക്കും കണ്ണുകള്‍.

ഒരിക്കല്‍ മണ്ടയറ്റ ഒരു തെങ്ങിന്റെ പൊത്തില്‍ കൈയിട്ട് കുഞ്ഞുങ്ങളെ പരതുകയായിരുന്നു. ദാ, കിടക്കുന്നു തെങ്ങടക്കം നിലത്ത്. വലതുകൈയുടെ എല്ല് ഒടിഞ്ഞ് ഒരാഴ്ചത്തെ ആശുപത്രിവാസമായിരുന്നു ഫലം. പക്ഷേ, അടുത്ത വര്‍ഷവും അവന്റെ കണ്ണുകള്‍ മുകളിലേക്കുതന്നെയായിരുന്നു.

ദുര്‍ബലമായ പറങ്കിമാവിന്റെ കൊമ്പുകള്‍ പലരെയും ചതിച്ചിട്ടുണ്ട്. പക്ഷേ, ഒരിക്കല്‍ വീണു എന്ന കാരണത്താല്‍ ആരും തോറ്റ് പിന്‍വാങ്ങിയതായി ഓര്‍മയില്ല.

ഇപ്പോള്‍ വഴിയരികിലൂടെ നടന്നുപോകുമ്പോള്‍ മനോഹരമായി അടുക്കി നിരത്തിയിരിക്കുന്ന പല തരത്തിലും വലുപ്പത്തിലുമുള്ള മാങ്ങകള്‍കാണാം. ഇന്നുവരെ കേട്ടിട്ടില്ലാത്ത പേരുകള്‍. കണ്ടിട്ടില്ലാത്ത ആകൃതി. പറഞ്ഞറിയിക്കാനാവാത്ത വില. കാണാന്‍ നല്ല ചേലാണ്. പക്ഷേ, കാര്‍ബൈഡ് ഇട്ട് പഴുപ്പിച്ച ആ മാങ്ങകള്‍ മുറിച്ച് മൂക്കില്‍ തള്ളിയാലും ഒരു മണോമില്ല ഗുണോമില്ല. കാശ് പോയതുതന്നെ മിച്ചം.

സൈക്കിള്‍ കാലം (ഓര്‍മകളുടെ ആല്‍ബം ഭാഗം ഒന്ന്‌)

അവധിക്കൊട്ടക ( ഓര്‍മകളുടെ ആല്‍ബം ഭാഗം: രണ്ട്)

ഒരു വോട്ടുകാലത്തിന്റെ ഓര്‍മ ( ഓര്‍മകളുടെ ആല്‍ബം ഭാഗം: മൂന്ന്)

സായിപ്പേ! തോട്ട്മീന്‍ കൂട്ടുമോ? ( ഓര്‍മകളുടെ ആല്‍ബം ഭാഗം: നാല്‌)

ചൂണ്ടമുനയില്‍ വെച്ച മനസ്സ് ( ഓര്‍മകളുടെ ആല്‍ബം ഭാഗം: അഞ്ച്)

Advertisement