ka saifudeen ormakalude album

പ്യൂപ്പ / കെ.എ സൈഫുദ്ദീന്‍

പഴയ അവധിക്കാലത്തിന്റെ ഏറ്റവും വലിയ ആവേശം സിനിമ തന്നെയായിരുന്നു. ഇന്നും അതിനൊരു മാറ്റം വന്നിട്ടില്ല. പരീക്ഷക്കാലങ്ങളെ കുട്ടികള്‍ക്ക് മാത്രമല്ല പേടി; സിനിമക്കാര്‍ക്കുകൂടിയാണ്. പരീക്ഷാനാളുകളില്‍ ഏത് സൂപ്പര്‍ താരത്തിന്റെ സിനിമകള്‍ പോലും റിലീസ് ചെയ്യാന്‍ പേടിക്കും. തിയറ്ററുകളെ ഉത്സവമാക്കുന്നതില്‍ കുട്ടികള്‍ക്കും അവരുടെ അവധിക്കാലത്തിനും ഉള്ള സ്ഥാനം ചെറുതല്ല. പള്ളിക്കൂടം പൂട്ടിയിട്ട് സിനിമക്ക് കൊണ്ടുപോകാമെന്ന ഉറപ്പിലായിരിക്കും പലരെയും രക്ഷിതാക്കള്‍ പരീക്ഷാ ഹാളിലേക്ക് പറഞ്ഞയക്കുന്നതുപോലും.

പണ്ടത്തെ ആ അവധിക്കാലങ്ങള്‍ക്കും സിനിമയുടെ ചൂടും മണവും ഉണ്ടായിരുന്നു. പണ്ട് നാട്ടിലെ ഓലയും ഷീറ്റും മറച്ചുണ്ടാക്കിയ തിയറ്ററുകളെ എല്ലാവരും വിളിച്ചിരുന്നത് ‘സിനിമക്കൊട്ടക’ എന്നായിരുന്നു. അവിടെ എത്തിയിരുന്ന ‘പുതിയ’ സിനിമകള്‍ക്ക് ഒന്നും രണ്ടും വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. നഗരത്തിലെ തിയറ്ററുകളില്‍ അപ്പോള്‍ ഏറ്റവും പുതിയ സിനിമകള്‍ റിലീസായിട്ടുണ്ടാവും.

വീട്ടുകാരുടെ സമ്മതത്തോടെ സിനിമക്ക് പോവുക നടപ്പുള്ള കാര്യമായിരുന്നില്ല പലപ്പോഴും. ഉച്ചക്ക് മൂന്നു മണിക്ക് തുടങ്ങുന്ന സിനിമ കാണാന്‍ അഞ്ചും ആറും കിലോമീറ്റര്‍ ദൂരത്തുള്ള തിയറ്ററിലേക്ക് പുറപ്പെടുന്നത് 15 മിനിട്ട് മുമ്പായിരിക്കും. കൂട്ടത്തില്‍ ആരോഗ്യമുള്ളവനെ സൈക്കിള്‍ ചവിട്ടാന്‍ ഏല്‍പ്പിക്കും. ദുര്‍ബലന്‍ പിന്നിലെ കാരിയറില്‍ കാലുകള്‍ കുറുകെയിട്ട് ഇരുകാല്‍ സഹായിക്കും. സീറ്റില്‍ ഇരുന്നു ചവിട്ടുന്നവന്റെ മുന്നിലെ മെഷീന്‍ ബാറിലും കാണും ഒരാള്‍.

ആ കൊട്ടകകളിലെ മൂട്ട കടിക്കുന്ന ബെഞ്ചിലിരുന്നു കണ്ട അത്രയും സിനിമകള്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. എത്രയെത്ര ഫിലിം ഫെസ്റ്റിവലുകളില്‍ ദിവസവും നാലും അഞ്ചും സിനിമകള്‍ കണ്ടു നടന്നിട്ടും അന്നത്തെ സിനിമക്കൊട്ടകയിലെ ബെഞ്ചിലിരുന്നു കണ്ട സിനിമകളുടെ ഹരമുണ്ടാവില്ല ഒന്നിനും. ബെഞ്ചിനപ്പുറം കടക്കാനുള്ള സാമ്പത്തിക ശേഷി അന്ന് ആരിലുമുണ്ടായിരുന്നുമില്ല.

cinemakotaka

ഓലപ്പഴുതിലൂടെ സൂര്യന്‍ ഞങ്ങളുടെ തലയില്‍ വട്ടംവരച്ചു കളിച്ചു. വറുത്ത കപ്പലണ്ടിയുടെ മണം പരന്ന ഹാളില്‍ പ്രൊജക്ടര്‍ റൂമിലെ ചതുരവിടവിലൂടെ പ്രേംനസീറും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നീലവെളിച്ചമായി വലിച്ചുകെട്ടിയ വെള്ളത്തുണിയിലേക്ക് ഇറങ്ങിവരുന്നത് വിസ്മയത്തോടെ കണ്ടിരുന്നു.

അങ്ങനെ കണ്ട ഓരോ സിനിമയും ശരീരത്തില്‍ ചുട്ട അടിയുടെ പാടുകള്‍ തീര്‍ത്തിട്ടുണ്ട്. ചിലപ്പോള്‍ നാട്ടുകാരില്‍ ആരെങ്കിലും സിനിമക്കൊട്ടകയില്‍ ഞങ്ങളെ കണ്ടെന്നിരിക്കും. അവര്‍ വീട്ടില്‍വന്ന് വിവരം പറയും. എല്ലാ രഹസ്യങ്ങളും പൊളിഞ്ഞ് ഒരു കുറ്റവാളിയെപ്പോലെ വീട്ടുകാര്‍ക്കുമുന്നില്‍ എത്രവട്ടം നില്‍ക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ, എത്ര അടി കിട്ടിയാലും പിന്നെയും പിന്നെയും സിനിമക്കൊട്ടകകള്‍ മാടിവിളിച്ചുകൊണ്ടേയിരിക്കും. ആരുടെയും പിടിയില്‍ നില്‍ക്കാത്ത ആ അവധിക്കാലങ്ങളില്‍ സിനിമക്കൊട്ടകയിലെ നിമിഷങ്ങള്‍ ആവേശപ്പെടുത്തിക്കൊണ്ടേയിരുന്നു. കടത്തുവള്ളത്തില്‍ സൈക്ക്ള്‍ എടുത്തുവെച്ച് പുഴകടന്നും കടപ്പുറത്തെ ചൊരിമണ്ണിലൂടെ കിലോമീറ്ററുകളോളം നടന്നും ഓടിയുമൊക്കെ സിനിമക്കൊട്ടകകളെ പ്രണയിച്ചു നടന്നു.

അങ്ങനെ ഞങ്ങള്‍ ഓരോരുത്തരും ലൂമിയര്‍ സഹോദരന്മാരായി

സിനിമക്കൊട്ടകയില്‍ പോയാല്‍ രണ്ടുണ്ട് കാര്യം. ഒന്ന് സിനിമ കാണാം എന്നതുതന്നെ. മറ്റൊന്ന് പ്രൊജക്ടര്‍ റൂമിന്റെ മുറ്റത്ത് വെട്ടിമാറ്റിയ ഫിലിമിന്റെ അവശിഷ്ടങ്ങള്‍ കാണാം. ചില ഫിലിമുകളില്‍ മമ്മൂട്ടി ഒന്നു മുഖം കാണിച്ചു. നീളത്തില്‍ മുറിച്ചുമാറ്റിയെറിഞ്ഞ ഫിലിമില്‍ മോഹന്‍ലാല്‍ ഒരേ ഭാവത്തില്‍ ഒത്തിരി ഫിലിമുകളില്‍ ചിരിച്ചുനിന്നു. ആ ഫിലിം കഷണങ്ങള്‍ അക്കാലത്തെ ഞങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യങ്ങളായിരുന്നു. പെണ്‍കുട്ടികള്‍ വളപ്പൊട്ടും ആണ്‍കുട്ടികള്‍ ഫിലിം കഷണങ്ങളും സൂക്ഷിച്ചുവെച്ചു.

ആ ഫിലിം കഷണങ്ങള്‍കൊണ്ട് ഞങ്ങള്‍ വീടുകളില്‍ സിനിമക്കൊട്ടകയുണ്ടാക്കി. ബള്‍ബിന്റെ മുകള്‍ഭാഗവും ഫിലമെന്റും ശ്രദ്ധയോടെ അടര്‍ത്തി മാറ്റി അതിനകത്ത് വെള്ളം നിറച്ച് ലെന്‍സുണ്ടാക്കി. വാതിലുകള്‍ അടച്ച് ഇരുട്ടാക്കിയ മുറിയിലെ ജനാല ഭാഗത്ത് ഫിലിമിന്റെ വലുപ്പത്തില്‍ മാത്രം ചതുരമുണ്ടാക്കി. അവിടെ ഫിലിം തലതിരിച്ച് വെച്ചു. അതിന് മുന്നില്‍ വെള്ളം നിറച്ച ബള്‍ബ് കെട്ടിത്തൂക്കി. മുറ്റത്തെ വെയിലില്‍നിന്ന് കണ്ണാടിച്ചിലുകള്‍കൊണ്ട് പകര്‍ന്നെടുത്ത വെളിച്ചും ഫിലിമില്‍ പതിപ്പിച്ച് വീടിന്റെ ഭിത്തിയില്‍ ഞങ്ങള്‍ സിനിമ സൃഷ്ടിച്ചു. അങ്ങനെ ഞങ്ങള്‍ ഓരോരുത്തരും ലൂമിയര്‍ സഹോദരന്മാരായി.
പഴയ ആ സിനിമക്കൊട്ടകയുടെ അടുത്തുകൂടി ഇപ്പോള്‍ കടന്നുപോകുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എല്ലാ കൊട്ടകകളും ഇല്ലാതായിരിക്കുന്നു. ചിലയിടത്ത് കച്ചവടശാലകള്‍. മറ്റൊരിടത്ത് മണലും മെറ്റലും വില്‍ക്കുന്ന കേന്ദ്രം. വേറൊരു കൊട്ടക നിന്നിടത്ത് ഒരു കൂറ്റന്‍ മാളിക. കൊട്ടകകള്‍ ഇപ്പോള്‍ വെറും ഓര്‍മപ്പറമ്പുകളായിരിക്കുന്നു.

വര: മജിനി

കടപ്പാട്: മാധ്യമം വെളിച്ചം

സൈക്കിള്‍ കാലം (ഓര്‍മകളുടെ ആല്‍ബം ഭാഗം ഒന്ന്‌)