Administrator
Administrator
ഒരു വോട്ടുകാലത്തിന്റെ ഓര്‍മ
Administrator
Sunday 29th May 2011 8:48am

പ്യൂപ്പ / കെ.എ സൈഫുദ്ദീന്‍


റോഡിലൂടെ കടന്നുപോകുന്ന പാര്‍ട്ടിക്കാരുടെ ജാഥയെ അനുകരിച്ച് മുദ്രാവാക്യം വിളിക്കുകയും ജാഥ നടത്തുകയും ചെയ്ത ബാല്യകാലമില്ലാത്തവര്‍ എത്രപേരുണ്ടാവും?

ഏത് പാര്‍ട്ടിയാണെന്നോ കൊടിയുടെ നിറമേതാണെന്നോ ഏത് നേതാവിനുവേണ്ടിയാണ് മുദ്രാവാക്യമെന്നോ തിരിച്ചറിയാതെ വിളിച്ച മുദ്രാവാക്യങ്ങളും നയിച്ച ജാഥകളും ഇന്നും പലരുടെയും മനസ്സിലുണ്ടാവും. പള്ളിക്കൂടത്തിലേക്കുള്ള വഴികളിലൂടെയായിരുന്നു അക്കാലങ്ങളില്‍ കുഞ്ഞുനേതാക്കളുടെ ജാഥ കടന്നുപോയിരുന്നത്. ചിലപ്പോള്‍ ആ ജാഥയിലെ മുദ്രാവാക്യങ്ങളില്‍ ‘അടിയന്മാരായ’ മാഷന്മാരോടുള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുതിര്‍ന്നവര്‍ വിളിച്ച മുദ്രാവാക്യങ്ങളുടെ താളമായിരിക്കണം കുട്ടികളെ ഏറ്റവും ആകര്‍ഷിച്ചിട്ടുണ്ടാവുക. വഴിയരികിലെ വേലിയില്‍നിന്ന് ഒടിച്ചെടുത്ത കമ്പുകളില്‍ തേക്കിന്റെ ഇല കെട്ടി കൊടികള്‍ ഉണ്ടാക്കി ആണും പെണ്ണും ഭേദമില്ലാതെ കടന്നുപോയ ആ ജാഥകളെ മനസ്സില്‍ താലോലിക്കുന്നവര്‍ എത്രയയെങ്കിലും ഉണ്ടാവും.

തെരഞ്ഞെടുപ്പുകാലത്ത് ഈ ജാഥകളുടെ എണ്ണം കൂടും. വഴിയരികില്‍ കെട്ടിയ കൊടിതോരണങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത കഷണങ്ങള്‍ ജാഥയില്‍ സ്ഥാനം പിടിക്കും. അങ്ങനെ കുട്ടികളില്‍ പലരും വോട്ടവകാശം കിട്ടുന്നതിന് മുമ്പുതന്നെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമൊക്കെയായി. പാര്‍ട്ടികളുടെ സ്വഭാവവും രീതിയുമൊന്നും തിരിച്ചറിയാതെ വീട്ടുകാരുടെ പാര്‍ട്ടിക്കാരായി മാറിയ കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഞങ്ങള്‍ പഠിച്ചിരുന്ന സര്‍ക്കാര്‍ പള്ളിക്കൂടം പെട്ടെന്നൊരുനാള്‍ നാട്ടുകാരും അല്ലാത്തവരും പോലീസുകാരും ചേര്‍ന്ന് കൈയേറിയ ആ തെരഞ്ഞെടുപ്പുകാലം ഇന്നും ഓര്‍മയിലുണ്ട്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ പോളിങ് ബൂത്ത് എന്ന് പേരിട്ട പള്ളിക്കൂടത്തിനരികില്‍ ഞങ്ങള്‍ വട്ടം കറങ്ങിനടന്നു. പോലീസുകാരുടെ കാക്കിനിറം പേടിച്ച് അടുത്തേക്ക് ചെല്ലാന്‍ ധൈര്യമില്ലായിരുന്നു. പ്രായമായവരെ കസേരയിലും തോളിലുമൊക്കെ എടുത്തുകൊണ്ടുവന്നു. അകത്തേക്ക് പോയി മടങ്ങിവന്നവരുടെ കൈവിരലിലൊക്കെ നീലിച്ച മഷിപ്പാടുകള്‍. ക്രമേണ അത് കറുത്ത് വടുകെട്ടി. വോട്ട് ചെയ്തതിന്റെ അടയാളമാണെന്ന് മുത്തശഷ്ടിമാര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. മറ്റൊരു മുത്തശഷ്ടിക്കഥ പോലെ അതും മനസ്സില്‍ ഇടംപിടിച്ചുനിന്നു.

ka saifudeen ormakalude album

പോളിങ് ബൂത്തിനകത്തേക്ക് എത്തി നോക്കാന്‍ എന്നിട്ടും ചില മുതിര്‍ന്ന വേന്ദ്രന്മാര്‍ ധൈര്യം കാണിച്ചു. അവരുടെ തലമണ്ടയില്‍ വിരിഞ്ഞ ആശയമായിരുന്നു കുട്ടികള്‍ക്കും വേണം ഒരു തെരഞ്ഞെടുപ്പ് എന്നത്. അങ്ങനെ ഒരു അവധിക്കാലത്ത് നാട്ടിലെ കുട്ടിക്കൂട്ടം വിചിത്രമായ ഒരു തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് ഉണര്‍ന്നു. പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി എന്നൊക്കെ വായില്‍തോന്നിയ പേരുകളില്‍ ഇരുവിഭാഗങ്ങളായി കുട്ടികള്‍ മത്സരത്തിനിറങ്ങി. നോമിനേഷനും ജാഥയും കൊടിയും പോസ്റ്റര്‍ എഴുത്തുമൊക്കെ ഉണ്ടായി.

അന്ന് പത്ത് പൈസക്ക് കടകളില്‍ വാങ്ങാന്‍ കിട്ടുന്ന ചുവപ്പും പച്ചയും നീലയും നിറങ്ങളിലുള്ള ചായഗുളികകളുണ്ടായിരുന്നു. അത് പൊടിച്ച് വെള്ളത്തില്‍ കലക്കി തേങ്ങയുടെ കുലച്ചില്ല് ചെത്തി ബ്രഷാക്കിയാണ് പോസ്റ്ററുകള്‍ എഴുതിയുണ്ടാക്കിയത്. ചിഹ്നവും കൊടിതോരണങ്ങളും ഒക്കെയുണ്ടായി. മുതിര്‍ന്നവരെ അനുകരിച്ച് അരിവാളും ചുറ്റികയും നക്ഷത്രവും കൈപ്പത്തിയുമൊക്കെ എടുത്തായിരുന്നു ജാഥയും പ്രചരണവും. വോട്ടര്‍ പട്ടികവരെ ഉണ്ടാക്കി. നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ്വരെയുള്ളവര്‍ക്കായിരുന്നു വോട്ടവകാശം. പക്ഷേ, മുതിര്‍ന്നവര്‍ അതിനെ ഒരു കുട്ടിക്കളിയായി മാത്രമേ കണ്ടിരുന്നുള്ളു.

ഒടുവില്‍ വേട്ടെടുപ്പ് ദിവസം വന്നെത്തി. ആള്‍ത്താമസമില്ലാത്ത ഒരു ഓലവീടായിരുന്നു ബൂത്തിനായി കണ്ടെത്തിയത്. ബൂത്ത് ഏജന്റും ബാലറ്റ് പേപ്പറും വോട്ട്‌പെട്ടിയും പരിവാരങ്ങളുമായി രാവിലെ എട്ടു മുതല്‍ വോട്ടെടുപ്പ് തുടങ്ങി. നേരത്തേ തയാറാക്കിയ ബാലറ്റ് പേപ്പറില്‍ തടിക്കഷണം ചെത്തിയുണ്ടാക്കിയ സീല്‍ ഉപയോഗിച്ച് ഓരോരുത്തരായി ക്യൂ നിന്ന് വോട്ട് ചെയ്തു. ആരുടെയോ വീട്ടില്‍നിന്ന് കൊണ്ടുവന്ന സീല്‍ പതിപ്പിക്കുന്ന മഷി വോട്ട് ചെയ്തവരുടെ കൈവിരലില്‍ അടയാളമായി കുത്തിക്കൊടുത്തു. ആരും കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചില്ല. കുട്ടികളുടെ രാഷ്ട്രീയത്തില്‍ കള്ളവും ചതിയും ഇല്ലായിരുന്നു. ഉച്ചക്ക് രണ്ടു മണിയോടെ വോട്ടെടുപ്പ് അവസാനിച്ചു.

ഒടുവില്‍ വോട്ടെണ്ണി. ഫലം വന്നപ്പോള്‍ ജയിച്ചവരെ തോളിലെടുത്ത് നാട്ടിടവഴികളിലൂടെ പ്രകടനമായി കൊണ്ടുനടന്നു. അവരില്‍ കുറേപ്പേര്‍ കുട്ടികളുടെ നേതാക്കന്മാരായി കുറേക്കാലം അറിയപ്പെട്ടു. ഒന്നിലും ഉറച്ചുനില്‍ക്കാത്ത അവധിക്കാലത്തിന്റെ പരക്കംപാച്ചിലില്‍ പിന്നീട് എല്ലാം മറക്കുന്നപോലെ അതും മറന്നു.

പിന്നെയും എത്രയോ കാലം കഴിഞ്ഞായിരുന്നു നാട്ടുപള്ളിക്കൂടത്തില്‍ ജനാധിപത്യ സ്വഭാവത്തില്‍ ഒരു തെരഞ്ഞെടുപ്പ് വന്നത്.

വര: മജിനി

സൈക്കിള്‍ കാലം (ഓര്‍മകളുടെ ആല്‍ബം ഭാഗം ഒന്ന്‌)

അവധിക്കൊട്ടക ( ഓര്‍മകളുടെ ആല്‍ബം ഭാഗം: രണ്ട്)

കടപ്പാട്: മാധ്യമം വെളിച്ചം

Advertisement