ka saifudeen ormakalude album

പ്യൂപ്പ / കെ.എ സൈഫുദ്ദീന്‍

ഒടുവിലത്തെ പരീക്ഷയും കഴിഞ്ഞിറങ്ങുന്ന മാര്‍ച്ച് മാസത്തിലെ ആ വൈകുന്നേരം. വീട്ടുകാരുടെ നിയന്ത്രണങ്ങളുടെയും മാഷന്മാരുടെ തുറിച്ചുനോട്ടങ്ങളുടെയും പേടിയൊഴിയുന്ന ആ വൈകുന്നേരം സ്വാതന്ത്ര്യത്തിന്റെ ഒരു യുഗം ആരംഭിക്കുന്നു. പത്തു മാസത്തെ പഠനങ്ങള്‍ക്ക് താല്‍ക്കാലികമായി വിടപറഞ്ഞ് കളിചിരികളിലേക്കും ആവേശങ്ങളിലേക്കും കൂട്ടയോട്ടത്തിനിറങ്ങുന്ന ആ വൈകുന്നേരത്തെ എത്രനാള്‍ കഴിഞ്ഞാലും മനസ്സില്‍നിന്ന് പറിച്ചെറിയാനാവില്ല.

സൈക്കിളില്‍ കറങ്ങിനടക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ടായിരിക്കും പരീക്ഷാഹാളില്‍നിന്ന് അവസാനത്തെ പേജും കൂട്ടിക്കെട്ടി പുറത്തിറങ്ങുന്നത്. ഇന്നത്തെപ്പോലെ ദിവസക്കൂലിക്ക് ബൈക്കുകള്‍ വാടകയ്ക്ക് കിട്ടുമായിരുന്ന കാലമായിരുന്നില്ല അത്.

രാവിലെ വീട്ടുപടിക്കല്‍ പത്രവും പാലും കൊണ്ടുവരുന്നത് സൈക്കിളില്‍. കുറച്ചുകഴിഞ്ഞാല്‍ സൈക്കിള്‍ ബെല്ലിന്റെ അകമ്പടിയില്‍ പൂച്ചയുടെ കരച്ചിലിന്റെ താളത്തില്‍ മീന്‍കാരനും വീടിന് മുന്നില്‍ എത്തും. സ്‌കൂളില്‍ മാഷന്മാര്‍ വന്നിരുന്നതുപോലും സൈക്കിളില്‍ ആയിരുന്നു.
ബസ് കാത്തുനിന്ന് മടുത്ത ടീച്ചറെ സൈക്കിളിന്റെ പിന്നിലിരുത്തി ഒരു മാഷ് കൊണ്ടുപോകുന്നത് ഇപ്പോഴും ഓര്‍മയുണ്ട്.

ഇന്ന് പാല്‍ക്കാരനും പത്രക്കാരനും മീന്‍കാരനും വരുന്നത് പലതരത്തിലുള്ള ബൈക്കിലാണ്. അതിനും മുമ്പേ മാഷന്മാര്‍ സ്‌കൂട്ടറിലും ബൈക്കിലുമൊക്കെ കയറിക്കഴിഞ്ഞിരുന്നു.
മണിക്കൂറിന് അമ്പത് പൈസ കണക്കിന് പല തരത്തിലുള്ള സൈക്കിളുകള്‍ വാടകയ്ക്ക് കിട്ടും അന്നൊക്കെ. കുടുക്ക പൊട്ടിച്ചതും വീട്ടില്‍നിന്ന് ഒപ്പിച്ചെടുത്തതുമായ ചില്ലറകള്‍ കൂട്ടിവെച്ച് കുറേപ്പേര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന മണിക്കൂറുകള്‍.

രാവിലെ മുതല്‍ തുടങ്ങുന്ന ആ സഞ്ചാരങ്ങളില്‍ പരിക്ക് പറ്റാത്തവരായി ആരുമുണ്ടാവാറില്ല. കാല്‍ മുട്ടിലെ തൊലിയടര്‍ന്ന് ചോര കിനിയുമ്പോള്‍ തൊട്ടടുത്ത പറമ്പിലെ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല പറിച്ച് കൈവെള്ളയിലിട്ട് ഞെരടി മുറിവേറ്റ ഭാഗത്ത് വെക്കും. അല്‍പനേരത്തെ നീറ്റലിന്‌ശേഷം മുറിവേറ്റ കാര്യം മറന്ന് വീണ്ടും സൈക്കിള്‍ അഭ്യാസങ്ങള്‍.

നന്നായി സൈക്കിള്‍ ഓടിക്കാന്‍ അറിയുന്നവരുടെ കൈത്താങ്ങില്‍ ഇളംമുറക്കാര്‍ സൈക്കിള്‍ പരസഹായമില്ലാതെ ഓടിക്കാന്‍ പഠിച്ചു. ആ ഓട്ടത്തിനിടയില്‍ കൂട്ടുകാരന് നിയന്ത്രണംവിട്ടുപോയി. ചെന്നു കയറിയതൊരു ഒരു വാഴത്തോട്ടത്തില്‍. കുലച്ചുനിന്ന വാഴയും സൈക്കിളും അതിനടിയില്‍ കൂട്ടുകാരനുമായി ദാ, കിടക്കുന്നു. വീഴാതെയും മുറിവേല്‍ക്കാതെയും സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചവര്‍ തീരെ ഉണ്ടായിരുന്നില്ല.

പണ്ടൊക്കെ അവധിക്കാലത്ത് ഏറ്റവും വലിയ സാഹസിക കൃത്യങ്ങള്‍ സൈക്കിളില്‍ ഉള്ള വിനോദയാത്രകളായിരുന്നു. ഇപ്പോള്‍ ലൈസന്‍സ് കിട്ടാന്‍ പ്രായമെത്തുന്നതിനും മുമ്പേ കുട്ടികള്‍ ബൈക്കില്‍ ചെത്തിയിറങ്ങുന്നു. മാഷന്മാര്‍ കാറില്‍ വന്നിറങ്ങുന്നു. സൈക്കിളില്‍ കയറിയ കാലം ഒരു തലമുറയും മറന്നുതുടങ്ങുന്നു. പണ്ട് കയറിയിറങ്ങിയ ആ സൈക്കിളുകള്‍ ഇപ്പോള്‍ തുരുമ്പുതിന്നു പോയിരിക്കുന്നു. എന്നിട്ടും തുരുമ്പെടുക്കാത്തതായി ഈ ഓര്‍മകള്‍ മാത്രം.

(തുടരും)

വര: മജിനി
കടപ്പാട്: മാധ്യമം വെളിച്ചം