തൃശൂര്‍ : വ്യവസായിയും മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെ.എ. റഊഫ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. തൃശൂര്‍ രാമനിലയത്തില്‍ നടന്ന കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടുനിന്നു.

നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ അസീസും റഊഫിനൊപ്പമുണ്ടായിരുന്നു. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തില്‍ കേസിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

അനധികൃത സ്വത്ത് സമ്പാദനത്തിന് മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, മുന്‍ എം.എല്‍.എ. ചെര്‍ക്കളം അബ്ദുല്ല തുടങ്ങിയവര്‍ക്കെതിരെ എന്‍.കെ അബ്ദുല്‍ അസീസ് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം വിഡജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു.  കൂടിക്കാഴ്ചയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് റഊഫ് വാര്‍ത്താലേഖകരോട് പറഞ്ഞു. കേസിന്റെ കാര്യം ചര്‍ച്ച ചെയ്യാനാണ് റൗഫുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വി.എസ്. പറഞ്ഞു.

സി.പി.ഐ.എമ്മില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നുണ്ടെന്ന പിണറായി വിജയന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് വി.എസ് പ്രതികരിച്ചു.