കൊച്ചി: ആലപ്പുഴ ഉപതിരഞ്ഞെടുപ്പില്‍ പി ഡി പി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. കെ എ ഹസ്സന്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയേയും ചെയര്‍മാനേയും, അദ്ദേഹത്തിന്റെ ഭാര്യയേയും ബന്ധപ്പെടുത്തി പുറത്തുവരുന്ന തീവ്രവാദ ആരോപണങ്ങള്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണെന്നും അതിനാലാണ് രാജിയെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോപണം കാരണം ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ മൈക്കിള്‍കുട്ടി മാത്യു, സംസ്ഥാന ജനറല്‍ കണ്‍വീനറും ജില്ലാ പ്രസിഡന്റുമായ ഡി. രഘുനാഥ് പനവേലി എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന ദിവസത്തിന് തൊട്ട് മുമ്പ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടത് നേതാക്കളെയും പ്രവര്‍ത്തകരേയും ഏറെ വേദനിപ്പിച്ചിരുന്നു. പൂന്തുറ സിറാജ് മണ്ഡലത്തില്‍ വരാതെ മാറിനിന്നു. തിരഞ്ഞെടുപ്പ് തീയതിയോടടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ എന്തോ അരുതാത്തത് സംഭവിച്ചുവെന്ന് തോന്നിയിട്ടുണ്ട്. വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ എന്തോ തിരിമറി നടന്നതായി ബോധ്യപ്പെട്ടിരുന്നു.

ഉപതിരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന നേതൃയോഗങ്ങളിലോ, അടുത്തു നടന്ന രാഷ്ട്രസുരക്ഷാ സമ്മേളനങ്ങളിലോ യാത്രയിലോ തങ്ങള്‍ സഹകരിച്ചിട്ടില്ല. പാര്‍ട്ടിയെ സ്വന്തം താല്‍പര്യത്തിനനുസരിച്ച് ഉപയോഗിക്കാന്‍ മാത്രമാണ് രാഷ്ട്രസുരക്ഷാ യാത്രയും യോഗങ്ങളും സംഘടിപ്പിച്ചതെന്നും അഡ്വ. കെ എ ഹസ്സന്‍ പറഞ്ഞു.