എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ പ്രമുഖ മലയാളി വ്യവസായി കെ.ടി റബീഉല്ലക്ക് 70 കോടി നഷ്ടപരിഹാരം
എഡിറ്റര്‍
Friday 14th March 2014 10:24am

kt--rabiullah

ജിദ്ദ: സൗദിയിലെ പ്രമുഖ മലയാളി വ്യവസായി ഡോ. കെ.ടി റബീഉല്ലക്കു 4.5 കോടി റിയാല്‍ (70 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ജിദ്ദയിലെ ആശുപത്രി ഉടമയായ സൗദി പൗരനോടു കോടതി നിര്‍ദേശിച്ചു.

ജിദ്ദയിലെ പ്രശസ്ത ആശുപത്രിയുടെ നിക്ഷേപകനായ റബീഉല്ല, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ തുക നിക്ഷേപിച്ചെങ്കിലും സൗദി പൗരന്‍ കരാര്‍ ലംഘിച്ചെന്ന കേസിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

നഷ്ടപരിഹാരത്തുക അഞ്ചുദിവസത്തിനുള്ളില്‍ നിക്ഷേപകന് കൈമാറിയെന്ന് ഉറപ്പുവരുത്തണമെന്ന് നീതിനിര്‍വഹണത്തിലെ ആറാംബഞ്ച് പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.

സൗദി പൗരന്‍ പണം നല്‍കുന്നില്ലെങ്കില്‍ രാജ്യംവിടുന്നതിനു വിലക്കേര്‍പ്പെടുത്തണമെന്നും സ്വത്തുക്കള്‍ മറ്റാര്‍ക്കെങ്കിലും കൈമാറുന്നതു തടയണമെന്നും ഇതിനായി ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്ത് വിവരങ്ങളും പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ വിവിധ വകുപ്പുകളില്‍ നിന്ന് ആശുപത്രിക്കു ലഭിക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ റദ്ദാക്കും. സര്‍ക്കാരില്‍ നിന്ന് ആശുപത്രി ഉടമക്കു പണം ലഭിക്കാനുണ്ടെങ്കില്‍ അതു മരവിപ്പിക്കുകയും അക്കാര്യം അറിയിക്കുകയും ചെയ്യണമെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകളെല്ലാം മരവിപ്പിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

സൗദിയിലെ വ്യവസായ പ്രമുഖനും ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യവുമാണ് റബീഉല്ല. മൂന്നു വര്‍ഷം മുമ്പ് ജിദ്ദയിലെ ബനൂമാലിക് ജില്ലയില്‍ ആരംഭിച്ച സ്വകാര്യ ആശുപത്രി നസീം ജിദ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണു റബീഉല്ല വന്‍ തുക മുതല്‍മുടക്കിയിരുന്നത്.

Advertisement