ചാലക്കുടി: ചാലക്കുടിയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്ന് പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി.ബെന്നി ആരോപിച്ചു . രാഹുല്‍ഗാന്ധി നേരിട്ട് കെട്ടിയിറക്കിയതെന്ന ആക്ഷേപത്തിനിരയായ മൂന്നു സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് കെ.ടി.ബെന്നി.

പലരും മാറി നിന്നെന്നും അധിക്ഷേപിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലത്തില്‍നിന്നുതന്നെയാണ് ബെന്നിയ്ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത്. മണ്ഡലത്തില്‍ തിരിച്ചെത്തിയ തന്നെ വ്യക്തിപരമായി പലരും അധിക്ഷേപിച്ചുവെന്നും തന്നെ തോല്‍പിക്കുവാന്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും ബെന്നി ആരോപിച്ചു.

പലരും വോട്ടുചെയ്യാതെ മാറിനിന്നു.ഇതു സംബന്ധിച്ച് എ.ഐ.സി.സി യ്ക്കും കെ.പി.സി.സി യ്ക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകള്‍ നേരിട്ടാലും ചാലക്കുടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.