തിരുവനന്തപുരം: കെ സുരേഷ്‌കുമാര്‍ ഐ.എ.എസിന് ഐ.ടി വകുപ്പിന്റെ ചുമതല നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സുരേഷ്‌കുമാറിന് ചുമതല നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐ.ടി വകുപ്പിന്റെ ചുമതലയുള്ള അജോയ്കുമാര്‍ കേന്ദ്ര സര്‍വ്വീസിലേക്ക്  പോകുന്നതിനെ തുടര്‍ന്നാണ് ഈ നീക്കം.

സ്മാര്‍ട് സിറ്റിയുമായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്റെ വിശ്വസ്ഥന് ചുമതല നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. നിലവില്‍ ഔദ്യോഗിക ഭാഷാ സെക്രട്ടറിയുടെ ചുമതലയാണ് സുരേഷ്‌കുമാറിനുള്ളത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം മറ്റ് മന്ത്രിമാര്‍ അംഗീകരിക്കുകയായിരുന്നു.

മൂന്നാര്‍ ദൗത്യസംഘം തലവനായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കെ സുരേഷ്‌കുമാര്‍ സി.പി.ഐ.എം ഔദ്യോഗിത വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിന് വിധേയമാകുന്നത്. തുടര്‍ന്ന് ദൗത്യ സംഘം പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മാനേജിങ് ഡയരക്ടറായി ചുമതലയേറ്റ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ കോടതി റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ മാധ്യമങ്ങളോടു സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി മാഫിയയ്‌ക്കെതിരെ സ്വീകരിച്ച നടപടികളിലൂടെയാണ് കെ സുരേഷ്‌കുമാര്‍ ശ്രദ്ധേയനാകുന്നത്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും വേണ്ടത്ര പിന്തുണയില്ലെന്ന് മനസിലായപ്പോള്‍ ലോട്ടറിമാഫിയയ്‌ക്കെതിരെ പോരാടാന്‍ സുരേഷ് വി.എസിനെ കൂട്ട് പിടിക്കുകയായിരുന്നു.