Categories

ടി.പി കേസ് ഒത്തുതീര്‍പ്പാക്കിയ കാര്യം താങ്കളെങ്കിലും തുറന്നുസമ്മതിച്ചല്ലോ നന്ദി; വി.ടി ബല്‍റാമിനോട് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍.

ടി.പി. കേസ് ഒത്തുതീര്‍പ്പാക്കിയ കാര്യം തുറന്നു സമ്മതിച്ച വി. ടി. ബല്‍റാമിനു നന്ദിയെന്നും ഇനി തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു. ഈ ചതി ഏതായാലും ആ വിധവയോട് വേണ്ടായിരുന്നു എന്നുകൂടി സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് കൈകാര്യം ചെയ്തതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചായിരുന്നു വി.ടി ബല്‍റാം എം.എല്‍.എ ഇന്ന് രംഗത്തെത്തിയത്.


Dont Miss ‘നാറ്റിച്ചു നാറ്റിച്ചു രാജ്യമാകെ നാറ്റിച്ചു’; ജനരക്ഷാ യാത്രയെ പരിഹസിച്ച് ഇംഗ്ലീഷ് ട്രോളുകളും; ഏറ്റെടുത്ത് ഇംഗ്ലീഷ് മാധ്യമങ്ങള്‍


ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്നായിരുന്നു ബല്‍റാം പറഞ്ഞത്. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലായിരുന്നു വി.ടി ബല്‍റാമിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആര്‍.എസ്.എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ ‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്നതാണ് ഇവിടത്തെ സി.പി.ഐ.എമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബി.ജെ.പിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ബല്‍റാം പറഞ്ഞിരുന്നു.

Tagged with: |