എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ മരിച്ചിട്ടില്ല; കള്ളവോട്ടിന് ‘തെളിവായി’ കെ. സുരേന്ദ്രന്‍ പരേതനാക്കിയ അഹമ്മദ് കുഞ്ഞി കോടതി സമന്‍സ് കൈപ്പറ്റി
എഡിറ്റര്‍
Tuesday 13th June 2017 11:15am

മഞ്ചേശ്വരം: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ കോടതി സമന്‍സ് കയ്യോടെ സ്വീകരിച്ചു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാരോപിച്ചായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മരിച്ചവരുടെ പട്ടിക സമര്‍പ്പിച്ചത്.


Dont Miss കൊച്ചി മെട്രോയ്ക്കായി രാവും പകലും അധ്വാനിച്ച തൊഴിലാളികളെ ആദരിച്ച് കെ.എം.ആര്‍.എല്‍ 


കാസര്‍ഗോഡ് വോര്‍ക്കാടി പഞ്ചായത്തില്‍ ബാക്രബയയല്‍ സ്വദേശി അഹമ്മദ് കുഞ്ഞിയാണ് സമന്‍സ് സ്വീകരിച്ചത്. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി അഹമ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്. മീഡിയവണ്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂണ്‍ 15 നു കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. കോടതിയില്‍ നിന്നും വന്ന സമന്‍സ് ആദ്യം അമ്പരപ്പോടെയാണ് അഹമ്മദ് കുഞ്ഞി സ്വീകരിച്ചതെന്നും മരിച്ചശേഷം വോട്ട് രേഖപ്പെടുത്തിയതിനാലാണു സമന്‍സ് എന്നറിഞ്ഞതോടെ മുഹമ്മദ് കുഞ്ഞിയുടെ മുഖത്ത് ചിരിപടര്‍ന്നെന്നും വാര്‍ത്തയില്‍ പറയുന്നു.

പട്ടികയില്‍ പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മരിക്കുന്നതുവരെ അത് നിര്‍വ്വഹിക്കുമെന്നും അഹമ്മദ് പറയുന്നു.

മാത്രമല്ല തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന്‍ വാദിച്ച അനസ് ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന പാസ്‌പോര്‍ട്ട് രേഖകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഗള്‍ഫിലുള്ള അനസ് വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു സുരേന്ദ്രന്റെ പരാതി. ഇതുവരെ വിദേശയാത്ര പോലും അനസ് നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പാസ് പോര്‍ട്ടില്‍ നിന്ന് തന്നെ വ്യക്തമാകും.

മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണു കെ സുരേന്ദ്രന്റെ ആരോപണം. ലീഗ് എംഎല്‍എയുടെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം.

Advertisement