എഡിറ്റര്‍
എഡിറ്റര്‍
പല മെഡിക്കല്‍ കോളേജുകളും കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നത്; ജൂലൈ 17 ന് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
എഡിറ്റര്‍
Thursday 20th July 2017 3:46pm

തിരുവനന്തപുരം: പല മെഡിക്കല്‍ കോളേജുകളും കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

ജൂലൈ 17 ന് കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജേകുളിലെ ഫീസ് 25 ലക്ഷമാക്കിയെന്ന് കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കോഴ ആരോപണത്തെ കുറിച്ചും സുരേന്ദ്രന്‍ തുറന്നടിച്ചത്.

ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഫേസ്ബുക്കില്‍ സുരേന്ദ്രന്‍ പറഞ്ഞത്.


Dont Miss പുരുഷന്മാര്‍ക്കൊപ്പം നൃത്തം ചെയ്ത് തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കുന്ന മുസ്‌ലിം സ്ത്രീകള്‍: ആക്രമണവുമായി മുസ്‌ലിം മതമൗലികവാദികള്‍


ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ലെന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

മെഡിക്കല്‍ കോളേജിന് കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ ബി.ജെ.പിയിലെ ഉന്നതര്‍ വാങ്ങിയതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെ കുറിച്ചും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ബി.ജെ.പി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയ അന്വേഷണ റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫീസില്‍ നിന്നാണ് ചോര്‍ന്നത്.

സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളേജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.

വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണകമ്മിഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തില്‍ മെഡിക്കല്‍ ഫീസ് ഇരുപത്തി അഞ്ചു ലക്ഷം രൂപ. ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ഫീസ് തുടരാന്‍ അനുവദിച്ചത് എന്തോ വലിയ കാര്യമായിട്ടാണ് ആരോഗ്യമന്ത്രി വിലയിരുത്തിയത്. ഇതു വലിയൊരു തട്ടിപ്പാണ്. മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തം. ഈ ഫീസില്‍ കേരളത്തിലെ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥി എങ്ങനെ പഠിക്കും?

മോദി സര്‍ക്കാര്‍ എടുത്ത വിപ്‌ളവകരമായ ഒരു തീരുമാനം മെഡിക്കല്‍ പ്രവേശനം ഒരു പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ രാജ്യം മുഴുവന്‍ നടത്തണമെന്നും മുഴുവന്‍ പ്രവേശനവും അതിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും എല്ലാവര്‍ക്കും ഒരേ ഫീസ് ആയിരിക്കണമെന്നുമുള്ള തീരുമാനം എത്ര സമര്‍ത്ഥമായാണ് കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത്? ഇവിടെ എന്‍. ആര്‍. ഐ സീററ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്ക് എങ്ങനെ കിട്ടി? എന്‍ ആര്‍. ഐ സ്ടാററസ് തരപ്പെടുത്തിക്കൊടിക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആര്‍ക്കാണറിയാത്തത്?

ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും.

Advertisement