എഡിറ്റര്‍
എഡിറ്റര്‍
ഈശ്വരാ ഭഗവാനേ.. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുതേ; പിണറായിക്കെതിരെ പരിഹാസവുമായി കെ. സുരേന്ദ്രന്‍
എഡിറ്റര്‍
Friday 5th May 2017 3:02pm

തിരുവനന്തപുരം: സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയ വിഷയത്തില്‍ പരിഹാസവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

സത്യത്തില്‍ ശ്രീ പിണറായി വിജയനോട് സഹതാപമാണ് തോന്നുന്നതെന്നും ഇത്രയും വലിയ നാണക്കേടുകള്‍ അടിക്കടി അദ്ദേഹത്തിനു വരണമെന്ന് ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നുണ്ടാവില്ലെന്നുമാണ് സുരേന്ദ്രന്റെ വാക്കുകള്‍.

  ദുരഭിമാനവും ധാര്‍ഷ്ട്യവും അഹങ്കാരവും കാരണമാണ് ഇതെല്ലാം സംഭവിക്കുന്നത്. ചോദിച്ചുവാങ്ങിയ തിരിച്ചടികളാണിതെല്ലാം. പിന്നെ ഉപദേശികളുടെ വിവരക്കേടും.

രാജാവ് നഗ്‌നനാണെന്ന് പറയാന്‍ ഒരാള്‍ പോലും ആ പാര്‍ട്ടിയിലില്ലേ എന്നതാണ് ഏറ്റവും അതിശയകരം. ഒരു മല്‍സരം പോലും കാഴ്ചവെക്കാനാവാതെ പരാജയം ഏററുവാങ്ങിയ ഒരു കളിക്കാരനായിപ്പോയി അദ്ദേഹം.

കഷ്ടമെന്നേ പറയാനുള്ളൂ. നാലുകോടി മലയാളികളുടെ ഗതികേട്. വിജയന്‍ എന്നതിന്റെ വിപരീതപദമാണ് അദ്ദേഹത്തിന്റെ പേരിനു ചേരുന്നതെന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നു.


Dont Miss എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു ; 95.98 ശതമാനം വിജയം


സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി 25,000 രൂപ കോടതിച്ചെലവ് ഇനത്തില്‍ കെട്ടിവെക്കാനും നിര്‍ദേശിച്ചിരുന്നു.

വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി. വിധിക്കെതിരെ പുനഃപരിശോധനാഹര്‍ജിയും വ്യക്തത ആവശ്യപ്പെട്ട ഹര്‍ജിയും ഫയല്‍ ചെയ്ത കാര്യം അറിയിച്ചെങ്കിലും സര്‍ക്കാര്‍ വാദം കോടതി കേട്ടില്ല.

സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേത് തന്നെയാണ് വിധി.

വിധി പ്രഖ്യാപിച്ച് പന്ത്രണ്ടു ദിവസമാകുമ്പോഴും സര്‍ക്കാര്‍ പുനര്‍നിയമന ഉത്തരവ് പുറത്തിറക്കിയിരുന്നില്ല. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാന തടസ്സമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമായിരുന്നു സെന്‍കുമാറിന്റെ ആവശ്യം. പൊലീസ് മേധാവിയായി നിയമിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയും സെന്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു.

Advertisement