Categories

ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനം: മാഫിയകള്‍ ശക്തമായത് എളമരം കരീമിന്റെ കാലത്ത്

surendran

കോഴിക്കോട്: മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ കാലത്താണ് സംസ്ഥാനത്ത് ഖനനമാഫിയ സജീവമായതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനത്തിന് ഒത്താശ നല്‍കിയത് എളമരം കരീമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ ഇതില്‍ മറുപടി പറയണം. പരിശോധന നടത്താതെയാണ് ചക്കിട്ടപാറയില്‍ ഖനനത്തിന് അനുമതി നല്‍കിയത്.

എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ഒത്തുകളിയാണിത്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയും ഖനനത്തിന് കൂട്ടുനില്‍ക്കുകയാണ്. ഇരുമ്പയിര് ഖനനത്തെ കുറിച്ച് എളമരം കരീം പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ഡി.വൈ.എഫ്.ഐ മുഖ മാസിക യുവധാരയില്‍ ലേഖനം വന്നിരുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്തയില്‍ ഡി.വൈ.എഫ്.ഐയുടെ നിലപാടെന്താണെന്ന് വ്യക്തമാക്കണം.

പരിസ്ഥിതിസംരക്ഷണ വിഷയത്തില്‍ സി.പി.ഐ.എം അതിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്നും മാറിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ചക്കിട്ടപാറയിലാണ് സ്വകാര്യ കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ചക്കിട്ടപാറ വില്ലേജിലെ 406 ഹെക്ടര്‍ ഭൂമിയിലാണ് കര്‍ണാടകയില്‍ നിന്നുള്ള കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ച മേഖലയാണിത്. വനംവകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ട വ്യവസ്ഥയില്‍ കൈമാറിയ സ്ഥലമാണിത്.

ചക്കിട്ടപാറ വില്ലേജിലെ സര്‍വെനമ്പര്‍ 801 മുതല്‍ 804 വരെയും, 917 മുതല്‍ 923 വരെയും, 924 മുതല്‍ 929 വരെയുമുള്ള 406.4500 ഹെക്ടര്‍ ഭൂമിയിലാണ് കര്‍ണാടകത്തിലെ ബെല്ലാരി ആസ്ഥാനമായിട്ടുള്ള എം.എസ്.എല്‍. കമ്പനി സര്‍വെ നടത്തിയത്.

രണ്ട് വര്‍ഷം മുമ്പാണ് പ്രദേശത്ത് സര്‍വേ ആരംഭിച്ചത്. കേന്ദ്ര ഖനിമന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നു സര്‍വേ. 2008 ലാണ് കേന്ദ്രസര്‍ക്കാര്‍ ഖനനത്തിന് അനുമതി നല്‍കിയത്.

തുടര്‍ന്ന് 2011 ല്‍ കമ്പനിക്ക് ഖനനം നടത്താന്‍ സംസ്ഥാന സര്‍ക്കാറും അനുമതി നല്‍കി. 2013 ജനവരി 22 വരെയായിരുന്നു കാലാവധി. എന്നാല്‍ നിശ്ചിത കാലാവധിയില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിക്കാതത്തിനെ തുടര്‍ന്ന് എം.എസ്.വി.എല്‍ സര്‍ക്കാറിനെ സമീപിച്ചു.

ഇതിനിടയില്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. നവംബര്‍ രണ്ടിന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം എം.എസ്.വി.എല്‍. കമ്പനി നടത്തുന്ന സര്‍വെ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍  ഖനനം നടത്താന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്ന സംശയം നിലനില്‍ക്കുകയാണ്.