തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംസാരിച്ച കെ. സുധാകരന്റെ നടപടി ഹീനമെന്ന് പ്രതിപക്ഷ  നേതാവ് വി.എസ് അച്യുതാനന്ദന്‍.

പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ സംസ്‌കാരത്തിന് നിരക്കാത്ത രീതിയിലാണ് സുധാകരന്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ നേതൃസ്ഥാനത്തിന് നിരക്കാത്തതും സംസ്‌കാര്യ ശൂന്യവുമായ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. സുധാകരന്റെ വീട്ടില്‍ പെണ്‍കുട്ടികള്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും വി.എസ് പറഞ്ഞു.

Ads By Google

അതേസമയം, സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു. വര്‍ഷങ്ങളായി മാനസിക സമ്മര്‍ദ്ദത്തില്‍ കഴിയുന്ന തങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്തുള്ളതാണ് സുധാകരന്റെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടി നാട് നീളെ നടന്ന് വ്യഭിചാരം നടത്തിയെന്നായിരുന്നു കെ.സുധാകരന്‍ എം.പി പറഞ്ഞത്. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും അതിന് ശ്രമിച്ചില്ല. വേശ്യവൃത്തി നടത്തി പണം വാങ്ങി, പീഡിപ്പിച്ചുവെന്ന് ചാനലിലൂടെ വിളിച്ച് പറയുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു.

മസ്‌ക്കറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സുധാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ കുര്യനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞത് ശരിയാണെന്നും സൂധാകരന്‍ പറഞ്ഞു.