Administrator
Administrator
കൂത്തുപറമ്പ് വെടിവെപ്പില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് കത്ത് നല്‍കും: സുധാകരന്‍
Administrator
Wednesday 26th October 2011 2:03pm

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെയ്പ്പിനെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിക്ക്  നാളെ കത്തു നല്‍കുമെന്ന് കെ.സുധാകരന്‍ എം.പി. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് പുനരന്വേഷണം ആവശ്യപ്പെടുന്നത്. കേസില്‍ പഴയ ഡി.വൈ.എഫ്.ഐക്കാര്‍ തനിക്കുവേണ്ടി സാക്ഷി പറയുമെന്നും സുധാകരന്‍ പറഞ്ഞു.

അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവയ്പ് സി.ബി.ഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് കെ. സുധാകരന്‍ എംപി. നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരുള്ളൂവെന്നും ഗൂഢാലോചന പുറത്തുവന്നാല്‍ ജയരാജന്‍മാരും പിണറായിയും കേസില്‍ പ്രതികളാകുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

നേരത്തെ കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവാദി കെ.സുധാകരന്‍ എം.പിയാണെന്ന് മുന്‍ ഡി.സി.സി പ്രസിഡണ്ട് പി.രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. തന്നെപോലുള്ളവര്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും മന്ത്രിയായിരുന്ന എം.വി.രാഘവനെ കൂത്തുപറമ്പിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചത് സുധാകരനാണെന്നായിരുന്നു രാമകൃഷ്ണന്റെ ആരോപണം. രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച വീണ്ടും അന്വേഷണം നടത്തണമെന്ന് കൊടിയേരി ബാലകൃഷ്ണനടക്കമുള്ള ഇടത്പക്ഷത്തെ പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എം.വി. രാഘവനോട് കൂത്തുപറമ്പിലേക്ക് പോകാന്‍ പറഞ്ഞത് താനാണ് പക്ഷെ താനോ രാഘവനോ അല്ല വെടിവച്ചത്. പണ്ട് സിപിഎമ്മിലുണ്ടായിരുന്ന പലരും ഇപ്പോള്‍ തങ്ങളുടെ കൂടെയുണ്ടെന്നും അവരുടെ മൊഴി കൂടി പുറത്തുവന്നാല്‍ പിണറായിയും ജയരാജന്‍മാരും കുടുങ്ങുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു

Advertisement