കൊട്ടാരക്കര: സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി കെ.സുധാകരന്‍ എം.പി രംഗത്ത്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബാര്‍ലൈസന്‍സ് ലഭിക്കാനായി സുപ്രീംകോടതിയിലെ ഒരു ജഡ്ജി ബാര്‍ ഉടമകളില്‍ നിന്നും 21 ലക്ഷം രൂപാ കൈക്കൂലി വാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്ന് സുധാകരന്‍ വ്യക്തമാക്കി.

ഇടമലയാര്‍കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ അനുകൂലവിധി പ്രസ്താവിക്കുന്നതിനായി 21 ലക്ഷം രൂപാ സുപ്രീംകോടതി ജഡ്ജി വാങ്ങുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും പ്രത്യേക ദൂതനെ അയച്ച് വീണ്ടുമൊരു 15 ലക്ഷംകൂടി ജഡ്ജി ആവശ്യപ്പെട്ടിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

അടുത്ത ഭരണകാലത്ത് അന്വേഷണം നടത്തിയാല്‍ അച്ചുതാനന്ദന്റെ ഇടത്തും വലത്തും നില്‍ക്കുന്നവരില്‍ പലരും കുടുങ്ങുമെന്നും സുധാകരന്‍ പറഞ്ഞു. അനധികൃത സ്വത്ത് ഉണ്ടാക്കിയവരെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ എന്നും സുധാകരന്‍ എം.പി ചോദിച്ചു.

അതിനിടെ ജഡ്ജിമാരെ സ്വാധീനിച്ചാണ് മുഖ്യമന്ത്രി പല വിധികളും സമ്പാദിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. വിധിവരുന്നതിന് തലേദിവസം ബാലകൃഷ്ണപിള്ളയ്ക്ക് ഒരുവര്‍ഷം തടവുലഭിക്കുമെന്ന് കൊല്ലം ജില്ലയിലെ ഒരുമന്ത്രിയോട് മുഖ്യന്ത്രി പറഞ്ഞിരുന്നതായും ഗണേഷ്‌കുമാര്‍ ആരോപിച്ചു.