Categories

സൂര്യനെല്ലി പെണ്‍കൂട്ടി നാട് നീളെ വ്യഭിചരിച്ചു നടന്നു:കെ.സുധാകരന്‍ എം.പി

മസ്‌ക്കറ്റ്: സൂര്യനെല്ലി പെണ്‍കുട്ടി നാട്  നീളെ നടന്ന് വ്യഭിചാരം നടത്തിയെന്ന് കെ.സുധാകരന്‍ എം.പി. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും അതിന് ശ്രമിച്ചില്ല. വേശ്യവൃത്തി നടത്തി പണം വാങ്ങി, പീഡിപ്പിച്ചുവെന്ന് ചാനലിലൂടെ വിളിച്ച് പറയുന്നത് ശരിയല്ല.

Ads By Google

മസ്‌ക്കറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ.സുധാകരന്‍ എം.പി സൂര്യനെല്ലി പെണ്‍ക്കുട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചത്.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ കുര്യനെതിരെ ആരോപണം ഉന്നയിക്കുന്നത്. സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞത് ശരിയാണെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ  പ്രസ്ഥാവനക്കെതിരെ ഡി.വൈ.എഫ്.ഐ അടക്കുമുള്ള  നിരവധി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഒരു പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ ശേഷം പൊതുപ്രവര്‍ത്തകര്‍ തന്നെ അവര്‍ക്കെതിരെ അസഭ്യം പറഞ്ഞ് നടക്കുന്നത് ശരിയല്ലെന്ന് യുവജന പ്രസ്ഥാനങ്ങളും വിവിധ സ്ത്രീ സംഘടനകളും പറഞ്ഞു. പുതിയ സ്ത്രീ സുരക്ഷാനിയമമനുസരിച്ച്  സൂധാകരനെതിരെ കേസെടുക്കണമെന്നും യുവജന സംഘടനകള്‍ ആവശ്യപ്പെട്ടു.

ക്രൂരവും നിന്ദ്യവുമായ പരാമര്‍ശമാണ് സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ കെ. സുധാകരന്‍ എം.പി നടത്തിയതെന്ന്  പി.കെ ശ്രീമതി പറഞ്ഞു. സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ സാംസ്‌ക്കാരിക നേതൃത്വം ഇടപെടണമെന്നും നിയമനടപടികള്‍കൈക്കൊള്ളണമെന്ന്  അവര്‍ ആവശ്യപ്പെട്ടു.