കണ്ണൂര്‍: ജുഡീഷ്യറിക്കെതിരെ വിമര്‍ശനമുന്നയിച്ചിട്ടില്ലെന്നും ജഡ്ജുമാരുടെ അപചയം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും കെ.സുധാകരന്‍ എം.പി. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വന്ന അപകടകരമായ സാഹചര്യം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. കേരളത്തിലും കര്‍ണാടകയിലും ജഡ്ജുമാര്‍ക്കെതിരെ വിമര്‍ശനം വന്നപ്പോള്‍ അത് ഹൈക്കോടതിയില്‍ മാത്രമല്ല, സുപ്രീം കോടതിയിലുമുണ്ടെന്ന് പറയുകയാണ് താന്‍ ചെയ്തത്.

ജുഡീഷ്യറി കളങ്കരഹിതമായി നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. 40 വര്‍ഷമായി പാര്‍ട്ടി ക്ലാസുകളില്‍ താന്‍ ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകള്‍ ബൂര്‍ഷ്വാ കോടതികളെന്ന് പറഞ്ഞപ്പോള്‍ ഇത് ജനകീയ കോടതിയാണെന്നാണ് ഞങ്ങള്‍ പറഞ്ഞത്. എന്റെ തിരഞ്ഞെടുപ്പ് വിജയം പോലും ജുഡീഷ്യറിയുടെ വിജയമാണ്. എന്നെ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോഴും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോഴും കോടതിയാണ് ഇടപെട്ടത്.

കരുനാഗപ്പള്ളിയിലെ എന്റെ പ്രസംഗത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയായിരുന്നു. ബാലകൃഷ്ണപ്പിള്ളക്കെതിരെ വിധി പറഞ്ഞ ജഡ്ജിയെക്കുറിച്ച് ഞാന്‍ മിണ്ടിയിട്ടില്ല. ജഡ്ജിക്കെതിരെ താന്‍ ഒരു വിമര്‍ശനവുമുന്നയിച്ചിട്ടില്ല. നിന്ദ്യമായ ഒരു രാഷ്ട്രീയ വേട്ടയെക്കുറിച്ചാണ് ഞാന്‍ അന്ന് പറഞ്ഞത്. എന്റെ പ്രസംഗം ഒരിക്കലും കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല. അത് കെ സുധാകരന്റെ മാത്രം അഭിപ്രായമാണ്. പ്രസ്താവനയില്‍ പാര്‍ട്ടിക്ക് വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഹൈക്കമാന്റിന് കത്തയച്ചിട്ടുണ്ട്.

ജുഡീഷ്യറിയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും രണ്ടായി കാണണം. ജഡ്ജിമാര്‍ വരാം, പോകാം. എന്നാല്‍ കോടതി ഒരു സ്ഥാപനമാണ്. ഇത് രണ്ടിനെയും രണ്ടായി കാണണം. ജുഡീഷ്യല്‍ ഓഫീസര്‍ ചെയ്യുന്ന ഒരു കുറ്റം കോടതിയുടെ കുറ്റമായി കാണാനാവില്ല.

തനിക്കെതിരെ ഇല്ലിക്കല്‍ ജോസിനെക്കൊണ്ട് പറയിപ്പിച്ചത് സി.പി.ഐ.എമ്മാണ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇല്ലിക്കല്‍ ജോസ്. അത്തരമൊരാളെക്കൊണ്ട് തനിക്കെതിരെ പറയിപ്പിക്കുന്ന തരംതാണ നടപടിയാണ് സി.പി.ഐ.എം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ വാര്‍ത്താ സമ്മേളനം തുടര്‍ന്നുകൊണ്ടിരിക്കയാണ്.

എന്റെ പ്രസംഗം ശരിയായി കേള്‍ക്കാതെയാണ് വീരപ്പമൊയ്‌ലി പോലുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രസംഗം ശരിയായി മനസ്സിലാക്കിയിരുന്നെങ്കില്‍ അവര്‍ അങ്ങിനെ പറയുമായിരുന്നില്ല. മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് അവര്‍ക്ക് എന്നെ ബന്ധപ്പെടാമായിരുന്നു.

എന്റെ പേരില്‍ കള്ളക്കേസുണ്ടാക്കാന്‍ ശ്രമിക്കുന്ന കോടിയേരി ആദ്യം സ്വന്തം ഭാര്യയുടെ പേരിലും മകന്റെ പേരിലുമാണ് കേസെടുക്കേണ്ടത്. വ്യാജ രേഖയുണ്ടാക്കിയ ജോലിയില്‍ കയറിയ സംഭവത്തില്‍ കോടിയേരിയുടെ ഭാര്യ പിടിക്കപ്പെടുകയും പിന്നീട് വാങ്ങിയ ശമ്പളം തിരിച്ചുകൊടുത്ത് സംഭവം ഒതുക്കുകയുമായിരുന്നു. ഇത് വീണ്ടും അന്വേഷിക്കണം. സ്വന്തം മകന്റെ പേരിലുള്ള 14ഓളം കേസുകള്‍ കോടിയേരി പിന്‍വലിച്ചിട്ടുണ്ട്. കോടിയേരിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ ഇതും അന്വേഷിക്കണം. എന്നിട്ട് മതി കള്ളക്കേസെടുക്കലെന്നും സുധാകരന്‍ വ്യക്തമാക്കി.