കണ്ണൂര്‍: നാല്‍പ്പാടി വാസു വധത്തെ ന്യായീകരിച്ച് കെ.സുധാകരന്‍ എം.പി. വാസുവിനെ തന്റെ ഗണ്‍മാന്‍ വെടിവച്ചത് തന്നെ ആക്രമിക്കാന്‍ വന്നതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

തന്റെ ജീവന്‍ സംരക്ഷിക്കുകയാണ് ഗണ്‍മാന്റെ ചുമതല. തോക്കു നല്‍കിയിരിക്കുന്നത് വെടിവയ്ക്കാന്‍ തന്നെയാണ്. അല്ലാതെ ഉമ്മവയ്ക്കാനല്ലെന്നും സുധാകരന്‍ പറഞ്ഞു.

ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ഇനിയും വെടിവയ്ക്കും. വെടിവയ്ക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തനിക്ക് തോക്കും ഗണ്‍മാനെയും നല്‍കിയിരിക്കുന്നത്.

വാസുവിനെ വെടിവച്ചതിന് തനിക്കെതിരെ കേസെടുക്കുകയും പ്രതിയാക്കുകയും വിചാരണ നേരിടുകയും ചെയ്തിരുന്നു. കോടതിയില്‍ എത്തിയപ്പോള്‍ തന്നെ വെറുതെ വിടുകയായിരുന്നുവെന്നൂം സുധാകരന്‍ പറഞ്ഞു.

അതേസമയം സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ പി.ജയരാജന്‍ രംഗത്തെത്തി. ഗണ്‍മാനെ അനുവദിച്ചത് ആരേയും വെടിവെച്ചുകൊല്ലാനല്ലെന്നും നാല്‍പ്പാടി വധക്കേസ് പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുധാകരന്‍ ഉള്‍പ്പെട്ട കേസുകള്‍ പുനരന്വേഷിക്കണമെന്നും വിവാദപ്രസംഗത്തിന്റെ പേരില്‍ സുധാകരനെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.