Categories

സുധാകരന്‍ ഇടനിലക്കാരന്‍; കെ.പി.സി.സിക്കും കൈക്കൂലി

കണ്ണൂര്‍: ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതി ജഡ്ജിക്ക് പണം നല്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം.പി കാഴ്ച്ചക്കാരനല്ലായിരുന്നുവെന്നും ഇടനിലക്കാരനായിരുന്നുവെന്നും ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍. 35 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക് നല്കിയാണ് 21 ബാറുകള്‍ക്ക് ലൈസന്‍സ് സമ്പാദിച്ചതെന്നും കണ്ണൂരിലെ ബാര്‍ ഉടമ ജോസ് ഇല്ലിക്കല്‍ പറഞ്ഞു. കണ്ണൂര്‍ പുതിയതെരുവിലെ ഗീത ബാറിന്റെ മൂന്ന് പാര്‍ട്ണര്‍മാരില്‍ ഒരാളായിരുന്ന ജോസ് ഇല്ലിക്കല്‍.

1992ല്‍ 21 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് മന്ത്രിക്കും അന്നത്തെ കെ.പി.സി.സി പ്രസിഡന്റും ഇന്ന് കേന്ദ്രമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവിനും പണം നല്‍കിയിരുന്നു. ഇതിലെ തങ്ങളുടെ ഇടനിലക്കാരന്‍ കെ സുധാകരനണെന്നും ജോസ് ഇല്ലിക്കല്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഫലമായി ഈ ലൈസന്‍സുകള്‍ റദ്ദാക്കി. വയലാര്‍ രവി, പത്മജവേണുഗോപാല്‍, റോസക്കുട്ടിടീച്ചര്‍ രഘുചന്ദ്രബാല്‍ എന്നിവര്‍ക്ക് വന്‍ തുക നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ബാര്‍ ഉടമകള്‍ തീരുമാനിച്ചപ്പോള്‍ കേസ് കൈകാര്യം ചെയ്യാന്‍ സാധ്യതയുള്ള ബെഞ്ചിന്റെ വിവരം അറിഞ്ഞശേഷം അപ്പീല്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു സുധാകരന്റെ നിര്‍ദ്ദേശം. അങ്ങിനെ നാല് മാസം വൈകിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്.

വാദംകേട്ട സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിലെ സീനിയര്‍ ജഡ്ജായിരുന്ന രത്‌നവേല്‍ പാണ്ഡ്യനെ ചെന്നൈ അണ്ണാനഗറിലെ രാജ്പ്രകാശ് ലോഡ്ജില്‍ വെച്ചാണ് ബാര്‍ ഉടമകള്‍ ആദ്യം കാണുന്നത്. സുധാകരന്‍ ചുമതലപ്പെടുത്തിയ ചെന്നൈയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി ധര്‍മപ്രകാശാണ് ഇതിന് സൗകര്യമൊരുക്കിയത്. അനുകൂല വിധിക്കായി 21 ലക്ഷം രൂപ കൈക്കൂലി നല്‍കാമെന്ന് അബ്കാരികള്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ സമ്മതിച്ചു. താനും ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നതായി ജോസ് ഇല്ലിക്കല്‍ പറയുന്നു.

പിന്നീട് ബാര്‍ ഉടമകളുടെ പ്രതിനിധികളായി ആറു പേരടങ്ങിയ സംഘമാണ് ഡല്‍ഹിയില്‍വച്ച് തുക കൈമാറിയത്. ബാര്‍ അടച്ചിട്ട കാലത്തെ ലൈസന്‍സ് ഫീസ് കുറച്ചുനല്‍കാനും ഉത്തരവ് പുറപ്പെടുവിക്കാന്‍ അഞ്ചു ലക്ഷം രൂപകൂടി നല്‍കി. കേസിലെ അന്തിമവിധി പരിശോധിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിയുമെന്നും ബാര്‍ ഉടമ വ്യക്തമാക്കി.

കാശ് വാങ്ങിയവരില്‍ ഒരാള്‍ അന്നത്തെ മന്ത്രിയാണെന്നും ജോസ് വെളിപ്പെടുത്തി. അന്നത്തെ കെ.പി.സി.സി പ്രസിഡന്റിന് പുറമേ രണ്ടു വനിതാനേതാക്കളും പണം കൈപ്പറ്റിയിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയപ്പോള്‍ ഒരു വനിതാനേതാവ് അഞ്ചുലക്ഷം രൂപ തിരിച്ചുനല്‍കിയതായും ജോസ് ഇല്ലിക്കല്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.