ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയെന്ന കെ സുധാകരന്‍ എം.പിയുടെ പരാമര്‍ശം വിവാദത്തിലേക്ക് നീങ്ങുന്നു. സുധാകരനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാണ് സുപ്രീംകോടതിയിലെ ചില അഭിഭാഷകരുടെ നീക്കം.

കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്നു പറയുന്ന സുധാകരന്‍ എന്തുകൊണ്ട് അത് തടഞ്ഞില്ലെന്ന് അഭിഭാഷകര്‍ ചോദിക്കുന്നു. നടപടി നിയമപാലകരെ അറിയിക്കാത്തതും ശിക്ഷാര്‍ഹമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സുധാകരന്റെ പ്രസംഗത്തിന്റെ സി.ഡി കോടതിയില്‍ സമര്‍പ്പിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ അനുകൂലവിധി നല്‍കുന്നതിനായി സുപ്രീംകോടതിയിലെ ഒരു ജഡ്ജി കൈക്കൂലി സ്വീകരിക്കുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നായിരുന്നു സുധാകരന്‍ വെളിപ്പെടുത്തിയത്. ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ചടങ്ങിലാണ് സുധാകരന്‍ വിവാദപ്രസംഗം നടത്തിയത്.