തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ തിരുത്തില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കെ. സുധാകരന്‍ എം.പി പറഞ്ഞു.

Ads By Google

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ ശനിയാഴ്ച നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് തന്റെ പ്രസ്താവനയിലുറച്ച് നില്‍ക്കുന്നതായി സുധാകരന്‍ പറഞ്ഞത്.

സൂര്യനെല്ലി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ വയസ് പതിനാറാണെങ്കിലും സമ്മതത്തോടെ പുരുഷനോടൊപ്പം പോയാല്‍ ബലാത്സംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗവും വേശ്യാവൃത്തിയും രണ്ടും രണ്ടാണ്

സൂര്യനെല്ലി വിഷയത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്റെ കുടുംബം 17 വര്‍ഷമായി പീഡിപ്പിക്കപ്പെടുന്നുവെന്നും ഈ പ്രശ്‌നത്തില്‍ രണ്ട് ഭാഗവും കേള്‍ക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തനിയ്‌ക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ വിലയ്‌ക്കെടുക്കുന്നില്ലെന്നും ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ വി.എസ്സിന് നല്ല ചേലാണെന്നും, വി.എസ് അച്യുതാനന്ദന്‍ സ്വന്തം മകളെ ചാനലുകള്‍ തോറും കൊണ്ടുനടക്കുമോയെന്നും സുധാകരന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം  മസ്‌ക്കറ്റില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സുധാകരന്‍ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കവെയാണ് സൂര്യനെല്ലി പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചത്.

നാടുനീളെ നടന്ന് വ്യഭിചരിച്ച് കാശും പാരിതോഷികവും വാങ്ങിയശേഷം അഭിമാനബോധമില്ലാതെ അത് ചാനലുകളിലൂടെ വിളിച്ചുപറഞ്ഞ് ആളുകളെ വിഡ്ഢിവേഷം കെട്ടിക്കുകയാണെന്ന പരാമര്‍ശമാണ് വിവാദമായത്.

പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും അതിന് ശ്രമിച്ചില്ല. വേശ്യവൃത്തി നടത്തി പണം വാങ്ങി, പീഡിപ്പിച്ചുവെന്ന് ചാനലിലൂടെ വിളിച്ച് പറയുന്നത് ശരിയല്ല.

ജസ്റ്റീസ് ആര്‍.ബസന്ത് പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി് 17 വര്‍ഷത്തിനുശേഷവും അച്യുതാനന്ദനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പി.ജെ കുര്യനെ വേട്ടയാടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

വാണിജ്യനികുതി വകുപ്പ് പെണ്‍കുട്ടിക്കെതിരെ നടത്തിയ അന്വേഷണത്തിന്റെ രേഖകളും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു.

സുധാകരന്‍  പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട്  മഹിളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.