കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം ഇനി മുന്നോട്ട് പോകണമെങ്കില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കരളുറപ്പ് മാത്രം പോരെന്ന് കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന സംഘത്തില്‍ സി.പി.ഐ.എമ്മുമായി ബന്ധമുള്ള പൊലീസുകാര്‍ ഉണ്ട്. ഇത് പോരായ്മയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

Ads By Google

കേസില്‍ പോലീസ് നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത്. ടി.പി വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള പ്രതികളെ സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം നേതാക്കളെ അനുവദിച്ചത് അന്വേഷണ സംഘത്തിനുമേല്‍ സി.പി.ഐ.എമ്മിന്റെ സ്വാധീനം തെളിയിക്കുന്നു. പിണറായി വിജയനെപ്പോലുള്ള നേതാക്കന്മാരുടെ ജയില്‍ സന്ദര്‍ശനം കേസ് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പോലീസുകാരെപ്പോലും ഭീഷണിപ്പെടുത്തുന്ന കിരാത രാഷ്ട്രീയമാണ് സി.പി.ഐ.എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടി.പി വധത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം. സി.ബി.ഐയ്ക്ക് മാത്രമേ കേസിലുള്‍പ്പെട്ട ഉന്നതന്മാരെ പുറത്ത് കൊണ്ട് വരാന്‍ കഴിയുകയുള്ളൂ.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം പ്രവര്‍ത്തകന്‍ ബാബുവിനെ പുറത്തുകൊണ്ടുവരാന്‍
സി.പി.ഐ.എം നേതാവ്‌ എം.വി. ജയരാജന്‍ ജയിലിന് മുന്നില്‍ കുത്തയിരുപ്പ് സത്യാഗ്രഹം നടത്തി. കേസില്‍ സി.പി.ഐ.എം നേതാക്കളുടെ പങ്ക് ബാബു വെളിപ്പെടുത്തുമെന്ന ഭയമായിരുന്നു ഇതിന് പിന്നിലെന്നും സുധാകരന്‍ പറഞ്ഞു.

മോഹനന്‍ മാസ്റ്ററെ അറസ്റ്റു ചെയ്തപ്പോള്‍ നേതാക്കള്‍ കൂട്ടത്തോടെ സ്‌റ്റേഷനില്‍ എത്തി സന്ദര്‍ശിച്ചു. ഇതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.