കണ്ണൂര്‍: ഹൃദയശസ്ത്രക്രിയക്കിടെ പരിയാരം മെഡിക്കല്‍കോളജിലെ ഡോക്ടറെ പിരിച്ചുവിട്ട നടപടിയില്‍ ആശുപത്രി ഭരണസമിതിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകിട്ട് ഹൃദയശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കേയാണ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിലുളള സംഘം ഡോ.കുല്‍ദീപിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.

Ads By Google

നോട്ടീസ് കൈപ്പറ്റിയ കുല്‍ദീപ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ആശുപത്രിവിട്ടത്. കുല്‍ദീപിനെ പുറത്താക്കിയതോടെ ഇന്ന് നിശ്ചയിച്ചിരുന്ന മൂന്ന് ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങി.

ആശുപത്രിയിയില്‍ മാസം തോറും ലക്ഷങ്ങളുടെ തിരിമറി നടക്കുന്നു എന്നും ശസ്ത്രക്രിയയ്ക്ക് പഴയ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത് എന്നും മരുന്നിന് അധിക വില ഈടാക്കുന്നു എന്നും കുല്‍ദീപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യത്തില്‍ ആശുപത്രിഭരണസമിതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഡോക്ടറെ ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ടത്.

ഓപ്പറേഷന്‍ തിയ്യേറ്ററില്‍ നില്‍ക്കുന്ന ഒരു ഡോക്ടര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.