കണ്ണൂര്‍: പി. രാമകൃഷ്ണന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായി തുടര്‍ന്നാല്‍ താന്‍ എം.പി സ്ഥാനം രാജിവെക്കുമെന്ന് കെ.സുധാകരന്‍ എം.പി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. രക്തസാക്ഷി സജിത്ത് ലാലിന്റെ കുടുംബത്തിനു വേണ്ടി സമാഹരിച്ച ഫണ്ട് താന്‍ നല്‍കിയില്ലെന്ന ആരോപണത്തെ സുധാകരന്‍ ത്ള്ളിക്കളഞ്ഞു.

സജിത്ത് ലാലിന്റെ കുടുംബത്തിനു ഫണ്ട് നല്‍കുന്ന കാലത്തു പി. രാമകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലോ ഭാരവാഹിത്വത്തിലോ ഉണ്ടായിരുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു. പി. രാമകൃഷ്ണന്‍ പ്രസ്താവന തിരുത്തണം.

ഫണ്ട് നല്‍കുന്ന കാലക്ക് രാമകൃഷ്ണന്‍ പടയാളി പത്രത്തില്‍ തനിക്കെതിരെ ലേഖന പരമ്പരകള്‍ എഴുതുകയായിരുന്നു. പയ്യന്നൂരിലെ പൊതു ചടങ്ങില്‍വെച്ചാണ് ഒന്നര ലക്ഷം രൂപ സജിത്ത് ലാലിന്റെ കുടുംബത്തിനു കൈമാറിയത്. പിന്നീട് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എ.കെ. ആന്റണി പങ്കെടുത്ത പൊതുയോഗത്തില്‍ 25000 രൂപ കൂടി നല്‍കി. ഫണ്ട് കിട്ടിയെന്ന് സജിത്ത് ലാലിന്റെ സഹോദരന്‍ അജിത്ത് ലാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ അറിയാത്തതു കൊണ്ടോ ഓര്‍മപ്പിശകു കൊണ്ടോ ആയിരിക്കണം അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഇക്കാര്യം അംഗീകരിച്ച് പി. രാമകൃഷ്ണന്‍ തെറ്റുതിരുത്തണം.

താന്‍ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ രാജിവയ്്ക്കണമെന്നാണു രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാമകൃഷ്ണനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിലനിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ അദ്ദേഹം ആവശ്യപ്പെട്ടതു ശരിയാണെന്നാണ് അര്‍ഥം. അങ്ങനെയെങ്കില്‍ രാമകൃഷ്ണന്റെ ആവശ്യം അംഗീകരിച്ചു താന്‍ രാജിവയ്ക്കും.

ഒരു ഡി.സി.സി പ്രസിഡന്റിനും സംഭവിക്കാന്‍ പാടില്ലാത്തതാണ് പി. രാമകൃഷണനെ ഓഫീസില്‍ തടഞ്ഞ സംഭവം. ഇതിന് പിന്നില്‍ താനല്ല. പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തിയപ്പോള്‍ അവര്‍ പ്രതിഷേധിച്ചകാണ്.

സി.പി.എം നേതൃത്വം ബഹിഷ്‌കരിച്ച ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കു സംരക്ഷണം നല്‍കേണ്ടത് ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ ബാധ്യതയാണ്. സി.പി.ഐ.എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ സഹായിക്കുന്ന ഏതു നീക്കങ്ങള്‍ക്കും താന്‍ സംരക്ഷണം നല്‍കും. അതു കോണ്‍ഗ്രസിന്റെ നയം കൂടിയാണ്. ആ നയത്തെ എതിര്‍ക്കുന്നവര്‍ സി.പി.ഐ.എമ്മിനെയാണു സഹായിക്കുന്നത്.

തനിക്കെതിരെ കണ്ണൂരില്‍ പോസ്റ്ററൊട്ടിച്ചതു സിപിഎം കുട്ടികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ്. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാനാണു സിപിഎം ശ്രമിക്കുന്നത്. തനിക്കെതിരെ പോസ്റ്ററൊടിക്കാന്‍ കണ്ണൂരിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും തയാറാവില്ല.

എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. കടമ്പൂരാന്‍, എം. നാരായണന്‍ കുട്ടി എന്നിവരും സുധാകരനോടൊപ്പമുണ്ടായിരുന്നു.