കണ്ണൂര്‍: മൗനം ഭഞ്ജിച്ച് രാജി വച്ച മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണനെതിരെ കെ.സുധാകരന്‍ എംപി രംഗത്തെത്തി. തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ രാമകൃഷ്ണന്റേത് സംസ്‌കാരശൂന്യ നടപടിയാണെന്നും സഹപ്രവര്‍ത്തകരെ കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നത് നല്ല പ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു. തനിക്ക് പറയാനുള്ള അഭിപ്രായം പാര്‍ട്ടിഫോറത്തില്‍ പറയും. മാധ്യമങ്ങളിലൂടെ എന്തും വിളിച്ചുപറയുന്നത് ശരിയല്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

കൂത്തുപറമ്പ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് സുധാകരനെതിരെ നടത്തിയ പരസ്യ പ്രസ്താവനയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നുമുള്ള പി. രാമകൃഷ്ണന്റെ രാജിയില്‍ കലാശിച്ചത്. രാജിവച്ചൊഴിഞ്ഞതിന് ശേഷവും സുധാകരനെതിരെ കുറ്റപ്പെടുത്തി രാമകൃഷ്ണന്‍ ആരോപണങ്ങളുന്നയിച്ചിരുന്നു.

Subscribe Us:

കണ്ണൂരില്‍ സുധാകരനും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചത് സുധാകരനാണെന്നും രാജിവച്ചതിന്റെ പിറ്റേന്ന് ഒരു സ്വാകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഇത് വരെ പ്രതികരിക്കാന്‍ കെ.സുധാകരന്‍ തയ്യാറായിരുന്നില്ല.