കണ്ണൂര്‍: ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് പോലീസുകാര്‍ക്ക് ജോലി മാറ്റം ലഭിക്കണമെങ്കില്‍ ഇനി മുതല്‍ കോണ്‍ഗ്രസുകാരെ തല്ലുന്ന രീതി പ്രയോഗിച്ചാല്‍ മതിയെന്ന് കെ. സുധാകരന്‍ എം.പി

വളപട്ടണം പ്രശ്‌നത്തില്‍ എസ്.ഐ ബി.കെ. സിജുവിനെതിരെ സ്ഥലംമാറ്റം ഉള്‍പ്പെടെ ഒരു നടപടിയും താന്‍ പ്രതീക്ഷിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു.

Ads By Google

ഭാര്യയുടെ പ്രസവശുശ്രൂഷയുമായി ബന്ധപ്പെട്ട് സിജു സ്ഥലംമാറ്റം നല്‍കിയത് എന്തായാലും നന്നായി. ആഗ്രഹിച്ച സ്ഥലത്തേക്ക് തന്നെ എത്തിയല്ലോയെന്നും സുധാകരന്‍ ചോദിച്ചു.

പൊലീസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനെപ്പറ്റി ആഭ്യന്തരമന്ത്രി പറയുന്നതുപോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ താന്‍ ബാധ്യസ്ഥനാണ്.

തിരുവഞ്ചൂരിനേക്കാള്‍ വലിയ ആഭ്യന്തരമന്ത്രിമാരുടെ കാലത്തും താന്‍ പൊലീസ് നടപടികളെ നേരിട്ടിട്ടുണ്ട്. ആത്മാഭിമാനം സംരക്ഷിക്കണമെന്നതിന്റെ പേരില്‍ പൊലീസുകാരുടെ നിയമലംഘനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാത്തതു ഖേദകരമാണെന്നും സുധാകരന്‍ പറഞ്ഞു.

വളപട്ടണത്ത് മണലൂറ്റുകാരെ പിടിച്ച കേസില്‍ കോണ്‍ഗ്രസുകാരെ തല്ലിയതിന്റെ പേരില്‍ സിജുവിനെ സ്ഥലം മാറ്റിയത് സ്വന്തം നാട്ടിലേക്ക് തന്നെയായിരുന്നു.

എതൊരു പോലീസുകാരനും ആഗ്രഹിക്കുന്നതുപോലെ സ്വന്തം വീടിനടുത്തുള്ള സ്റ്റേഷനിലേക്കാണ് സിജുവിന് സ്ഥലം മാറ്റം ലഭിച്ചത്. കോഴിക്കോട് വടകരയിലെ ചോമ്പാല പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്.

വടകര സ്വദേശിയാണ് ബി.കെ സിജു. കണ്ണൂര്‍ റേഞ്ച് ഐ.ജി ജോസ് ജോര്‍ജിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിജുവിനെ സ്ഥലം മാറ്റിയത്.