കണ്ണൂര്‍: കേരളാ പോലീസ് ഇപ്പോഴും സി.പി.ഐ.എം നിയന്ത്രണത്തിലാണെന്ന് കെ. സുധാകരന്‍ എം.പി ആരോപിച്ചു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു ഭരണത്തിന്റെ അവശിഷ്ട രാഷ്ട്രീയ നിയന്ത്രണം തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഭരണമാറ്റം കൊണ്ടും അത് മാറ്റിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസില്‍ രാഷ്ട്രീയമുണ്ട്. സി.പി.ഐ.എമ്മുകാരായ പൊലീസുകാര്‍ കാണിക്കുന്ന ജാഗ്രത മറ്റു സംഘടനകളിലുള്ളവര്‍ കാണിക്കുന്നില്ല. സി.പി.എമ്മിന്റെ പാര്‍ട്ടി ഫ്രാക്ഷന്‍ കേരള പോലീസില്‍ ഉണ്ടെന്നതു പരസ്യമായ രഹസ്യമാണ്. അഞ്ചു വര്‍ഷത്തെ ഇടതു ഭരണത്തില്‍ ആഭ്യന്തര മന്ത്രി കോടിയേരിയോ പിണറായിയോ അല്ല, സി.പി.ഐ.എം ഫ്രാക്ഷനാണു പൊലീസിനെ ഭരിച്ചത്. ഫ്രാക്ഷന്‍ മെംബര്‍ മാത്രമായ കോണ്‍സ്റ്റബിളിനെ കണ്ട് അന്നത്തെ എസ്.പി വണ്ടി നിര്‍ത്തി സംസാരിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ടെന്നും സുധാകരന്‍ വിശദീകരിച്ചു.

Subscribe Us:

കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങള്‍ പോലീസ് ഇന്റലിജന്‍സിന്റെ പരാജയം തന്നെയാണ്. ഡി.ജി.പി പോലും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. ഭരണം മാറുമ്പോള്‍ കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ സര്‍ക്കാരിനു കിട്ടാന്‍ സാധാരണയായി സ്‌പെഷ്യല്‍ ബ്രാഞ്ച് പുന:സംഘടിപ്പിക്കാറുണ്ട്. കണ്ണൂരില്‍ രഹസ്യാന്വേഷണ വിഭാഗം പുന:സംഘടിപ്പിച്ചിട്ടില്ല-സുധാകരന്‍ ആരോപിച്ചു.

കണ്ണപുരം പൊലീസും സി.പി.ഐ.എമ്മും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണു കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനിടയാക്കിയത്. സി.പി.ഐ.എമ്മുകാരല്ലാത്ത ഒരു പോലീസുകാരന്‍ പോലുമില്ലാത്ത എത്രയോ പൊലീസ് സ്‌റ്റേഷനുകള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്.

സി.പി.ഐ.എമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം. തളിപറമ്പില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപെടുത്തിയത് താലിബാന്‍ മോഡല്‍ അക്രമത്തിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English