തിരുവനന്തപുരം: മൂന്നാറിനെ പീഡനത്തിനിരയായ യുവതിയോട് ഉപമിച്ചതില്‍ പശ്ചാത്താപമില്ലെന്നു കെ ശിവദാസന്‍ നായര്‍ എം എല്‍ എ പറഞ്ഞു. മൂന്നാര്‍ പ്രദേശത്തു വീണ്ടും അക്രമങ്ങള്‍ നടക്കുകയാണെന്നും അവിടെ ചെല്ലുന്നവരെല്ലാം അവിടെ അതിക്രമങ്ങള്‍ തുടരുകയാണെന്നുമാണു താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പറഞ്ഞ ഈ കാര്യത്തില്‍ മാപ്പു പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പീഡനത്തിനിരയായ യുവതി രക്ഷിക്കാനെത്തിയവരെല്ലാം തന്നെ ആക്രമിക്കാന്‍ വരുന്നവരാണെന്നു കരുതി അവര്‍ക്കു വഴങ്ങിക്കൊടുക്കുന്ന അവസ്ഥയാണു
മൂന്നാറിലേത് എന്നാണ് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ ശിവദാസന്‍ നായരുടെ പരാമര്‍ശം. ഇതിനെ തുടര്‍ന്നു വനിതാ എം എല്‍ എമാര്‍ ബഹളം വച്ച് സഭ നിര്‍ത്തി വെക്കുകയായിരുന്നു.

നിയമസഭയിലെ കെ ശിവദാസന്‍ നായരുടെ പരാമര്‍ശം സ്ത്രീ സമൂഹത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പരസ്യമായി സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്നും കെ കെ ഷൈലജ എം എല്‍ എ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കള്‍ അദ്ദേഹത്തെ അതിനു പ്രേരിപ്പിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.

എന്നാല്‍ ചെയ്യാത്ത കുറ്റത്തിനു മാപ്പു പറയാന്‍ പ്രതിപക്ഷം തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.