തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.  ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ക്ക് മുമ്പോട്ട് പോകാനാകില്ലെന്നും ഈ വര്‍ധനവ് അംഗീകരിക്കാനാവില്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Ads By Google

പ്രതിദിനം എട്ടുലക്ഷത്തിലധികം രൂപയുടെ അധികബാധ്യതയാണ് കെ.എസ്.ആര്‍.ടി.സി ക്ക് സഹിക്കേണ്ടി വരുന്നത്. കൂടുതല്‍ സര്‍വ്വീസുകള്‍ വെട്ടികുറക്കേണ്ട സാഹചര്യത്തിലൂടെയാണ് കെ.എസ്.ആര്‍.ടി.സി കടന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

പുതിയ വര്‍ധനവിനെ തുടര്‍ന്ന് ഡീസല്‍ ലിറ്ററിന് 1 രൂപ 80 പൈസയുടെ വര്‍ധനയാണ് കെ.എസ്.ആര്‍.ടി.ക്ക് അനുഭവപ്പെടുക. 85 കോടി 43 ലക്ഷം രൂപയുടെ ഡീസലാണ് കേരളാസ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഒരു മാസം വേണ്ടി വരുന്നത്.

ഉയര്‍ന്ന ഉപഭോക്താക്കള്‍ക്ക് ഡീസലിന് അനുവദിച്ച സബ്‌സിഡി ഒഴിവാക്കുന്നതിന് മുമ്പ് 68 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടിവന്നിരുന്നത് .

ഈ സബ്‌സിഡി കൂടി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സി കൈകൊള്ളുകയായിരുന്നു.

പ്രതിസന്ധി രൂക്ഷമായാല്‍ നിലനില്‍ക്കാനാകില്ലെന്നും വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.