എഡിറ്റര്‍
എഡിറ്റര്‍
ശബരിമല സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു
എഡിറ്റര്‍
Wednesday 6th November 2013 12:49pm

ksrtc

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലോടുന്ന അഞ്ഞൂറോളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. ശബരിമല സ്‌പെഷല്‍ സര്‍വീസിനായാണ് വെട്ടിച്ചുരുക്കല്‍.

മൂന്നു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള മുഴുവന്‍ ബസുകളും ശബരിമല സര്‍വീസിനായി ഏറ്റെടുക്കാനാണ് നിര്‍ദേശം. ഈ റൂട്ടുകളില്‍ പകരം ബസ് ഓടിക്കും. ഇതിനായാണ് നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ റദ്ദാക്കുന്നത്.

ഏഴായിരം രൂപയില്‍ താഴെ വരുമാനമുള്ള   സര്‍വീസുകള്‍ റദ്ദാക്കാനാണ്   നിര്‍ദ്ദേശം. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ബസുകള്‍ ഇറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്.

93 ഡിപ്പോകളില്‍ നിന്നായി  ഏഴായിരം രൂപയില്‍   താഴെ വരുമാനമുള്ള രണ്ടായിരം സര്‍വീസുകളുടെ ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞു.

ആദ്യമായാണ് ശബരിമല സര്‍വീസിനായി നഷ്ടത്തിന്റ പേര് പറഞ്ഞ് സര്‍വീസ് വെട്ടിച്ചുരുക്കുന്നത്.

ഈ മാസം 11 മുതലാണ് സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തുന്നത്. പമ്പയില്‍ 100 ഉം ചെങ്ങന്നൂരില്‍ 35 ഉം, കോട്ടയത്ത് 28ഉം, പത്തനംതിട്ടയില്‍ നിന്ന് 19 ഉം സര്‍വീസുകളക്കം   237 ബസുകളാണ് അദ്യ ഘട്ടത്തിലുള്ളത്.

രണ്ടാം ഘട്ടത്തില്‍ അറുപതും മൂന്നാം ഘട്ടത്തില്‍ 150ഉം ബസുകളും   ശബരിമലയ്ക്കായി മാറ്റിവയ്ക്കും. ശബരിമലയ്ക്കായി എല്ലാവര്‍ഷവും 150 പുതിയ ബസുകളിറക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഒന്നുമില്ല.

അതേസമയം കെ.എസ.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി. ഒന്നാം തിയ്യതി നല്‍കേണ്ട പെന്‍ഷന്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല.

37,000 പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 35 കോടി രൂപയാണ് വേണ്ടത്. കഴിഞ്ഞ കുറേ മാസങ്ങളായി അഞ്ചാം തിയ്യതിയാണ് പെന്‍ഷന്‍ നല്‍കുന്നത്.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത് കെ.ടി.ഡി.എഫ്.സി യില്‍ നിന്ന് ലോണെടുത്താണ്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇതുവരെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടില്ല.

Advertisement