എഡിറ്റര്‍
എഡിറ്റര്‍
വൈദ്യുതി ബോര്‍ഡ് കമ്പനിവല്‍ക്കരണം: ജീവനക്കാര്‍ പണിമുടക്കിലേക്ക്
എഡിറ്റര്‍
Friday 8th November 2013 6:49pm

k.s.e.b

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് കമ്പനിവല്‍ക്കരിക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പണിമുടക്കുമെന്ന് ജീവനക്കാര്‍. ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സംഘടനാ സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

എല്ലാ സംഘടനകളുമായി കൂടിയാലോചിച്ചതിന് ശേഷം പണിമുടക്ക് തിയ്യതി തീരുമാനിക്കുമെന്നും അടുത്തയാഴ്ച്ച പണിമുടക്ക് നോട്ടീസ് നല്‍കുമെന്നും സമിതി അറിയിച്ചു.

എന്നാല്‍ ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന തരത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനെതിരെ വൈദ്യുത ബോര്‍ഡില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ബോര്‍ഡിലെ പ്രമുഖ സംഘടനകളെല്ലാം ഉള്‍പ്പെടുന്ന സംയുകത സംഘടനാ സമിതി യോഗത്തില്‍ പണിമുടക്ക് സംബന്ധിച്ച് ധാരണയായിട്ടുണ്ട്.

ഭരണപക്ഷ സംഘടനയായ ഐ.എന്‍.ടി.യു.സി യുടെ നേതൃത്വത്തില്‍ നടത്തുന്ന പണിമുടക്കിന് എ.ഐ.ടി.യു.സി യുടെയും ബി.എം.എസ്സിന്റെയും പിന്തുണയുണ്ട്.

അതേസമയം സംഘടനാസമിതിയിലെ അംഗങ്ങളാണെങ്കിലും സി.ഐ.ടി.യു വും സി.പി.ഐ.എം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി അസോസിയേഷനും കമ്പനിവല്‍ക്കരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയ ശേഷം  നിലപാട് പ്രഖ്യാപിക്കാം എന്നാണ് പറയുന്നത്.

ജീവനക്കാരുടെ ആശങ്കകള്‍ പരിഗണിക്കാതെയും കൂടിയാലോചനകള്‍ ഒഴിവാക്കിയുമുള്ള വൈദ്യുതി ബോര്‍ഡ് കമ്പനിവത്കരണം സര്‍ക്കാര്‍ നിര്‍ത്തി വെക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.

സംഘടനകളുമായി ആലോചിച്ചതിനുശേഷം മാത്രമേ കമ്പനിവല്‍ക്കരണ നടപടികള്‍ കൈക്കൊള്ളുവെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും ജീവനക്കാര്‍ പരാതിപ്പെട്ടു.

പെന്‍ഷന്‍, സേവനവേതനവ്യവസ്ഥകള്‍, ശമ്പളപരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളിലെടുക്കുന്ന തീരുമാനം തങ്ങളുമായി കൂടിയാലോചിച്ച ശേഷമാവണം.

പുനര്‍നിക്ഷേപനടപടികളുമായി ഏകപക്ഷീയമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ വൈദ്യുതി മേഖലയെ സ്തംഭിപ്പിക്കുന്ന പണിമുടക്കിലേക്ക് നീങ്ങാനാണ് യോഗം തീരുമാനിച്ചത്.

Advertisement