എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്. ബിമലിനെ സി.പി.ഐ.എം. പുറത്താക്കി
എഡിറ്റര്‍
Thursday 6th September 2012 2:31am

വടകര: എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും  സി.പി.ഐ.എം എടച്ചേരി ലോക്കല്‍ കമ്മറ്റി മെമ്പറുമായ  കെ.എസ്. ബിമലിനെ സി.പി.ഐ.എം. പുറത്താക്കി.  പാര്‍ട്ടിക്കെതിരായി പൊതുനിലപാടെടുക്കുകയും പാര്‍ട്ടിയെ ധിക്കരിച്ചുകൊണ്ട് ടി.പി. ചന്ദ്രശേഖരന്റെ കുടുംബത്തിന്‌ വേണ്ടി ധനസമാഹരണം നടത്തുകയും ചെയ്തതാണ് പുറത്താക്കാനുള്ള കാരണം.

Ads By Google

ടി.പിയുടെ വധത്തില്‍ പ്രതിഷേധിച്ചു സി.പി.ഐ.എം. പ്രവര്‍ത്തകര്‍ കോഴിക്കോട്ടു നടത്തിയ അനുസ്മരണ കൂട്ടായ്മ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബിമലായിരുന്നു. ബിമലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തിലാണ് സാമ്പത്തിക സമാഹരണം നടന്നത്. അഞ്ച് ലക്ഷം രൂപയ്ക്കു വേണ്ടി നടത്തിയ സമാഹരണത്തില്‍ 18 ലക്ഷത്തോളം രൂപ പിരിഞ്ഞ് കിട്ടിയിരുന്നു. ടി.പി.യുടെ കട ബാധ്യതകള്‍ തീര്‍ത്ത് ബാക്കി തുക സമിതി  കുടുംബത്തിനു കൈമാറുകയും ചെയ്തിരുന്നു.

ടി.പി.യുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സമിതി പണം കൈമാറിയിരുന്നത്. യോഗം സി.പി.ഐ.എമ്മിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വേദിയായി. സാമ്പത്തിക സമാഹരണത്തിന് നേതൃത്വം നല്‍കിയിരുന്ന മൂന്നുപേരെ നേരത്തെ തന്നെ സി.പി.ഐ.എം പുറത്താക്കിയിരുന്നു. ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ ട്രഷററും സി.പി.ഐ.എം. കാരപ്പറമ്പ് ബ്രാഞ്ച് അംഗവുമായ കെ.പി. ചന്ദ്രന്‍, കുരുവട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് സലീം, കാരപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം സാദിഖ് ചേലാട്ട് എന്നിവരെയാണ് ബിമലിനു മുന്നോടിയായി പുറത്താക്കിയത്.

ബിമലിനെ പുറത്താക്കാനുള്ള തീരുമാനത്തെ കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം പേരും എതിര്‍ത്തിരുന്നു. പുറത്താക്കാനുള്ള തീരുമാനം മൂന്നുവട്ടം ചര്‍ച്ചയ്ക്ക് വന്നെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. നാദാപുരം ഏരിയാ കമ്മറ്റിയും കോഴിക്കോട് ജില്ലാ കമ്മറ്റിയും ഇത് സംബന്ധിച്ച തീരുമാനം നേരത്തെ എടുത്തിരുന്നു. പാര്‍ട്ടി തീരുമാനം സംബന്ധിച്ച് നാദാപുരം ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മറ്റികളില്‍ പാര്‍ട്ടി റിപ്പോര്‍ട്ടിങ് തുടങ്ങിയിട്ടുണ്ട്.

Advertisement