കണ്ണൂര്‍: പി. രാമകൃഷ്ണന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിന്  ഫാക്‌സ് ചെയ്തതായി രാമകൃഷ്ണന്‍ അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും രാജിവിവരം പ്രഖ്യാപിച്ചശേഷം അദ്ദേഹം പറഞ്ഞു. കെ.സുധാകരനെതിരായ വിവാദ പ്രസ്താവനയെ തുടര്‍ന്ന് രാമകൃഷ്ണന് കഴിഞ്ഞ ദിവസം കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജി.

പരസ്യ പ്രസ്താവന വിലക്കിയിട്ടും അത് അവഗണിച്ച് അച്ചടക്കലംഘനം നടത്തിയതിന്റെ പേരില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്നാണു കാരണം കാണിക്കല്‍ നോട്ടീസില്‍ കെ.പി.സി.സി ആവശ്യപ്പെട്ടത്. രാജിക്കത്ത് സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം അന്തിമ തീരുമാനമെടുക്കും. കണ്ണൂരിന്റെ കാര്യത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് സുധാകരനെതിരെ രാമകൃഷ്ണന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വെടിവെപ്പു ദിവസം എം.വി. രാഘവനെ കൂത്തുപറമ്പിലേക്കു പോകാന്‍ നിര്‍ബന്ധിച്ചതു കെ. സുധാകരനാണെന്നു കഴിഞ്ഞ ദിവസം കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. രാമകൃഷ്ണന്റെ ആരോപണം ഗുരുതര അച്ചടക്കലംഘനമായാണു കെ.പി.സി.സി കാണുന്നത്.

ഈ വിവാദ പ്രസ്താവനയുടെ പേരില്‍ എ വിഭാഗക്കാരനായ രാമകൃഷ്ണനെ സ്വന്തം വിഭാഗക്കാര്‍വരെ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാമകൃഷ്ണനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. രാമകൃഷ്ണന്റെ പ്രസ്താവനയോടു യോജിപ്പില്ലെന്നും അതു പാര്‍ട്ടി നിലപാടല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പരസ്യപ്രസ്താവന കെ.പി.സി.സി വിലക്കിയിട്ടും അത് അംഗീകരിക്കാതെ അച്ചടക്ക ലംഘനം നടത്തിയതിന് രാമകൃഷ്ണനെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തനിക്ക് നഷ്ടമാകുമെന്ന് രാമകൃഷ്ണന് ഉറപ്പായിരുന്നു.

ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ.പി.സി.സി പുറത്താക്കുന്നതിന് മുമ്പ് സ്വയം രാജിവെച്ചൊഴിയാന്‍ രാമകൃഷ്ണന്‍ തീരുമാനിക്കുകയായിരുന്നു.