തിരുവനന്തപുരം: ചില അരമനകളും, ആസ്ഥാനങ്ങളും തറവാടുകളും പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ നീക്കം നടത്തുന്നതായി കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനം. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ഗതി കേരളത്തിലെ കോണ്‍ഗ്രസിനും സംഭവിക്കുമെന്ന് മുന്നറിയിപ്പും യോഗത്തിലുണ്ടായി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് ആണ് സാമുദായിക നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്.

പിറവത്ത് യു.ഡി.എഫ് നേടിയ വിജയം ചില സാമുദായികശക്തികള്‍ ഉയര്‍ത്തിയ വേലിക്കെട്ടുകള്‍ തകര്‍ത്തായിരുന്നു. അവിടെനിന്ന് നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ പാര്‍ട്ടിയും മുന്നണിയും വി.എസ്.ഡി.പി പോലുള്ള ഈയലുകള്‍ക്ക് മുമ്പില്‍ വിറയ്ക്കുകയാണ്. അവര്‍ മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്റിനെയും ഭീഷണിപ്പെടുത്തുന്നു. പാര്‍ട്ടി നേതാക്കള്‍ സാമുദായിക ശക്തികളുടെ പേരില്‍ ബ്രാന്റ് ചെയ്യപ്പെടുന്നു. ഇക്കാര്യത്തില്‍ നേതാക്കള്‍ ജാഗ്രത കാട്ടണമെന്നും ജോയ് ആവശ്യപ്പെട്ടു.

അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ലീഗും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതായി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഭാവിയിലെ അനുഭവപാഠമായി എടുക്കും. സംഭവിക്കാന്‍ പാടില്ലാത്ത ചില വീഴ്ചകള്‍ അഞ്ചാം മന്ത്രികാര്യത്തില്‍ ഉണ്ടായി. മുഖ്യമന്ത്രിക്കും തനിക്കും ഇക്കാര്യത്തില്‍ ഒരേ ഉത്തരവാദിത്തമാണുള്ളത്. ഒരു കെ.പി.സി.സി. പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണു തങ്ങള്‍ കടന്നുപോകുന്നത് അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News in English