തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ തിളക്കമറ്റ വിജയം പഠിക്കാന്‍ മൂന്നംഗസമിതിയായി. ഇന്ന് ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

എ.സി ജോസ്, വക്കം പുരുഷോത്തമന്‍, വി.എസ് വിജയരാഘവന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. സമിതി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരാതികള്‍ സമിതി പരിഗണിക്കും.

കെ.പി.സി.സി പുനസ്സംഘടന ജൂണ്‍, ജൂലൈ മാസങ്ങളിലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ലെന്നും പരസ്യപ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

താനും ഉമ്മന്‍ ചാണ്ടിയും വിചാരിച്ചതുപോലെ സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്താന്‍ സാധിച്ചില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് എല്ലാക്കാര്യവും തുറന്നുപറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരാള്‍ക്ക് ഒരു പദവി എന്നത് സജീവപരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.