കോഴിക്കോട്: കാലികളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ചട്ടങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് മുസ്‌ലീം ലീഗ് നേതാവ് അഡ്വ. കെ.എന്‍.എ ഖാദര്‍. മുസ്ലിംങ്ങളെയോ ദളിതരെയോ ഇതര മാംസാഹാരികളേയോ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമെന്ന നിലയില്‍ ഇതിനെ കാണുന്നത് ബുദ്ധിയല്ലെന്നും പ്രതിഷേധത്തിന്റെ ശക്തി കുറക്കുവാനും കേന്ദ്രസര്‍ക്കാരിനെ രക്ഷപ്പെടുത്താനും മാത്രമേ അത് വഴിയൊരുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സവര്‍ണ്ണര്‍ മുമ്പ് മാംസാഹാരം കഴിച്ചിരുന്നവരാണെന്ന് ചരിത്രം പറയുന്നുണ്ട്. മുസ്ലിംങ്ങള്‍ക്കാകട്ടെ ബീഫ് നിര്‍ബന്ധമായും കഴിക്കേണ്ടുന്ന ഒരു ആഹാരവുമല്ല. മൃഗബലി പോലുള്ള വിഷയങ്ങള്‍ മിക്കമതസ്ഥരും നടത്തിവരാറുള്ള ഒരു ആചാരമാണ്. അത് നിരോധിക്കുന്നത് ശരിയല്ലാത്ത നടപടി തന്നെയാണ്.

കന്നുകാലി വ്യാപാരത്തിലും കൃഷിയിലും അറവുശാലകളിലും മാംസാഹാരം കഴിക്കുന്നതിലുമെല്ലാം എല്ലാ ജാതിമതസ്ഥരും ഉണ്ട്. അവയെല്ലാം മൂടിവെച്ച് ഒരു സമുദായത്തെ പ്രകോപിതരാക്കി നിര്‍ത്താനും അതുവഴി മറുപക്ഷത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കുവാനും സംഘ്പരിവാര്‍ ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോള്‍ അതിനെ സഹായിക്കുമാറ് അന്തരീക്ഷത്തെ കൊഴുപ്പിക്കുവാനും കലുഷിതമാക്കുവാനും മുസ്ലിംങ്ങള്‍ ഉള്‍പ്പെടെ ഒരു മതസ്ഥരും അവസരം സൃഷ്ടിക്കരുതെന്നും കെ.എന്‍.എ ഖാദര്‍ ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍
ഓര്‍മ്മിപ്പിക്കുന്നു

ഇന്ത്യയില്‍ ഇപ്പോള്‍ സംഘ്പരിവാര്‍ കെട്ടഴിച്ച് വിട്ടുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയതയും ഏകാധിപത്യവും ജനദ്രോഹ നടപടികളുമെല്ലാം കൃത്യമായ ഒരു രാഷ്ട്രീയ അജണ്ടകൂടിയാണ്. ഹൈന്ദവസംസ്‌കാരത്തിന്റെ സംരക്ഷണമോ ഹൈന്ദവരുടെ മികച്ച ജീവിതമോ ഒരിക്കലും ഭരിക്കുന്നവരുടെ മനസ്സില്‍ ഇല്ല. അവയെല്ലാം അധികാരത്തിലെത്താനും അത് നിലനിര്‍ത്താനും ഉദ്ദേശിച്ചുള്ള കുതന്ത്രങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പിണറായി സര്‍ക്കാരും ബംഗാളില്‍ മമതാ സര്‍ക്കാരുമൊക്കെ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന ധീരമായ നിലപാടുകളെ സകലരും പിന്തുണക്കുകയാണ് വേണ്ടത്. സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഇയ്യിടെ ദല്‍ഹിയില്‍ സംഘടിപ്പിച്ച വിവിധ രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികളുടെയും നേതാക്കളുടെയും കൂട്ടായ്മ പ്രത്യാശ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നല്ലവരായ കോടാനുകോടി ഹിന്ദുക്കളും മുസ്ലിംങ്ങളും ക്രൈസ്തവരും മറ്റുമതക്കാരുമെല്ലാം ഇവിടെ വെറും കാഴ്ചക്കാര്‍ മാത്രമാണ്. അവര്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ല. അവരുടെ സമാധാനവും സന്തോഷവും ഐക്യവും ഏതുവിധത്തിലും തകര്‍ക്കുവാന്‍ ഒരുകൂട്ടര്‍ ഭരണാധികാരത്തിന്റെ പിന്തുണയോടെ നടത്തുന്ന നികൃഷ്ടമായ നടപടികളാണ് ഇവയെല്ലാമെന്നും കെ.എന്‍.എ ഖാദര്‍ പറയുന്നു.

തൊഴില്‍ ചെയ്യാനും വ്യവസായവും വ്യാപാരവും നടത്താനുമുള്ള അവകാശങ്ങളെ പുതിയ ചട്ടങ്ങള്‍ ഹനിക്കുന്നു. അതുപോലെ ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള അവകാശത്തെയും തടയുന്നു. ഇവയെല്ലാം മൗലികാവകാശങ്ങളുടെ കൂടി ലംഘനമാണ്. ചട്ടങ്ങളില്‍ എവിടെയും കശാപ്പ് നിരോധിച്ചതായോ ആഹാരമായി മാംസം ഉപയോഗിക്കുന്നതിനെ തടഞ്ഞതായോ നേരിട്ടുപറയാതെ ആ ലക്ഷ്യം ഗൂഢമായി സാധിക്കുംവിധമാണ് ചട്ടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

ജനാധിപത്യത്തെ അടിസ്ഥാനമാക്കി രൂപീകരിച്ച ജനപ്രതിനിധി സഭകളെ മറികടന്നും സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരത്തിന്‍മേല്‍ കയ്യേറ്റം നടത്തിയും ഏകപക്ഷീയമായാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കെ.എന്‍.എ ഖാദര്‍ പറയുന്നു.

ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും 29000 കോടി രൂപയുടെ ബീഫ് കയറ്റുമതി നടക്കുന്നുണ്ട്. ലോകത്ത് ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ഏതാണ്ട് 25 ലക്ഷം പേര്‍ ഇതുവഴി ജീവിച്ച് വരുന്നുണ്ട്. അത്തരം വ്യാപാരികളിലും തൊഴിലാളികളിലുമെല്ലാം ഭൂരിപക്ഷവും മുസ്ലിംങ്ങളല്ല, ഇതര മതസ്ഥരാണ്. എങ്കിലും ഇതൊരു വര്‍ഗ്ഗീയ പ്രശ്നമാക്കുകവഴി രാഷ്ട്രീയ നേട്ടം കൊയ്യാനും മതപരമായ ധ്രുവീകരണം സൃഷ്ടിച്ച് അധികാരം നിലനിര്‍ത്താനും ഭരണകക്ഷി ആഗ്രഹിക്കുകയാണ്.

എല്ലാ മതേതരകക്ഷികളും അവയുടെ നേതാക്കളും ജനപ്രതിനിധികളും സഭകളും കൃഷിക്കാരും തൊഴിലാളികളും വ്യാപാരികളും ഒന്നടങ്കം നടത്തുന്ന പ്രക്ഷോഭസമരങ്ങളോടൊപ്പം ചേരുന്നത് മാത്രമാണ് ഫലപ്രദമാവുക. സമാധാനപരമായും നിയമ വ്യവസ്ഥകള്‍ക്ക് കീഴ്പ്പെട്ടും അത് നടത്തുന്നതാണ് ശരി.

ഇന്ത്യയില്‍ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്ലിംങ്ങളും ഇതരമതസ്ഥരുമെല്ലാം പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് നാളിതുവരെ കഴിഞ്ഞത്. അങ്ങിനെ മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ. ബഹുസ്വരതയും ജനാധിപത്യവും നമ്മുടെ സമൂഹത്തിന്റെ ജീവവായുവാണ്. അധികാരരാഷ്ട്രീയത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തുന്ന നടപടി ശരിയായ രാജ്യദ്രോഹമാണ്.

വന്‍കിട ഫാമുകള്‍ നിര്‍മ്മിച്ച് വന്‍തോതില്‍ കന്നുകാലികളെ കശാപ്പുചെയ്ത് ഇന്ത്യയിലും പുറത്തും വിറ്റഴിച്ച് സമ്പത്ത് കുന്നുകൂട്ടുവാന്‍ അദാനിയും അംബാനിയും ഇതര കുത്തകകളും വലിയ ഒരുക്കങ്ങള്‍ നടത്തിവരുകയാണ്.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി അവരുടെ ബീഫ് ഉള്‍പ്പെടെയുള്ള മാംസ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം ചെയ്തു കൊടുക്കുന്നു. ഇത്തരം സാമ്പത്തിക താല്‍പര്യങ്ങളും ഈ ചട്ടങ്ങളുടെ നിര്‍മ്മാണത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.

കശാപ്പും മാംസ ഉപഭോഗവും ഒരിക്കലും അവസാനിപ്പിക്കുവാന്‍ സാധ്യമല്ല. അവയെല്ലാം സാധാരണക്കാരായ അനേകലക്ഷം കൃഷിക്കാരുടെയും വ്യാപാരികളുടെയും കയ്യില്‍ നിന്ന് പിടിച്ച് പറിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കലാണ് ഇത്തരം നിയമനിര്‍മ്മാണങ്ങളുടെ ആത്യന്തികലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ബഹുസ്വരതയും ജനതയുടെ ഉല്‍കൃഷ്ടമായ പരസ്പര ബന്ധങ്ങളും നിലനിര്‍ത്തുവാന്‍ എല്ലാ മനുഷ്യസ്നേഹികളും മതേതരശക്തികളും കൂട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും തൃണമൂല്‍ കോണ്‍ഗ്രസ്സും, ബി.എസ്.പിയും, എസ്.പിയും ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മതേതരരാഷ്ട്രീയ കക്ഷികള്‍ ഒന്നുചേര്‍ന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് ഫാസിസത്തെ പ്രതിരോധിക്കുവാനുള്ള ഏകവഴിയെന്നും അദ്ദേഹം പറഞ്ഞു.