തിരുവനന്തപുരം: മുരളീധരന്റെ മടങ്ങിവരവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ പി സി സി എക്‌സിക്യൂട്ടീവ് ഉടന്‍ വളിച്ചു ചേര്‍ക്കാന്‍ തീരുമാനം. കെ പി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമായത്. ഇന്ന് രാവിലെ കെ പി സി സി ആസ്ഥാനത്തായിരുന്നു ചര്‍ച്ച. യോഗത്തില്‍ കരുണാകരന്‍ കത്തില്‍ ഉന്നയിച്ച മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്യും.

കെ മുരളീധരന്റെ തിരിച്ചുവരവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എക്‌സിക്യുട്ടീവ് ചേരണമെന്നായിരുന്നു കെ കരുണാകരന്റെ ആവശ്യം. ഇക്കാര്യമുിന്നയിച്ച് കരണാകരന്‍ പല തവണ കെ പി സി സിക്ക് കത്ത് നല്‍കിയിരുന്നു. ഈ മാസം എട്ടിനായിരുന്നു അവസാനമായി കരുണാകരന്‍ ഇതു സംബന്ധിച്ച് കത്ത് നല്‍കിയത്.

യോഗം എന്ന് ചേരണമെന്നത് സംബന്ധിച്ച് മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നാണ് അറിയുന്നത്. തന്നെ തരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ മുരളീധരന്‍ ഹൈക്കമാന്റിന് അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കെ പി സി സി തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കമാണ്ട് നിര്‍ദേശം. കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും മുരളീധരന്റെ തിരിച്ചുവരവിന് അനുകൂലമാണ്.