എഡിറ്റര്‍
എഡിറ്റര്‍
പോകണമെങ്കില്‍ ഒരുമിച്ച് പോകാം, ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ വഴി: ലീഗിനോട് മുരളീധരന്‍
എഡിറ്റര്‍
Thursday 3rd May 2012 9:00am

തിരുവനന്തപുരം : ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട് കെ. മുരളീധരനും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പാര്‍ട്ടിയ്‌ക്കെതിരെ ഒന്നും മിണ്ടില്ലെന്ന് പ്രസ്താവിച്ച മുരളി കഴിഞ്ഞദിവസത്തെ കെ. പി. സി. സി നിര്‍വാഹകസമിതിയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണുണ്ടായത്. മുരളിയുടെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസം തീര്‍ന്നിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

കെ.പി.സി.സി യോഗത്തിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു മുരളിയുടെ ഇറങ്ങിപ്പോക്ക്. ആമുഖ പ്രസംഗത്തില്‍ രമേശ് ചെന്നിത്തല നടത്തിയ ചില പരാമര്‍ശങ്ങളാണ് മുരളീധരനെ ചൊടിപ്പിച്ചതെന്ന് കരുതുന്നു. ലീഗുമായി ഉണ്ടായ തര്‍ക്കത്തില്‍ പരസ്യ പ്രസ്താവന വിലക്കിയിട്ടും ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളെ രമേശ് വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് മുരളി ഇറങ്ങിപ്പോയത്.

എന്നാല്‍ മുരളീധരന്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്ത തെറ്റാണെന്നാണ് ചെന്നിത്തല പറയുന്നത്. നേരത്തെ പോകേണ്ടതുകൊണ്ടാണ് മുരളിപോയതെന്നും ഷാനവാസും നേരത്തെ പോയിരുന്നെന്നും ചെന്നിത്തല വിശദീകരിച്ചു.

അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ലീഗും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതായി സമ്മതിച്ച ചെന്നിത്തല ഇത് ഭാവിയിലെ അനുഭവപാഠമായി എടുക്കുമെന്നാണ് പറഞ്ഞത്. സംഭവിക്കാന്‍ പാടില്ലാത്ത ചില വീഴ്ചകള്‍ അഞ്ചാം മന്ത്രികാര്യത്തില്‍ ഉണ്ടായി. മുഖ്യമന്ത്രിക്കും തനിക്കും ഇക്കാര്യത്തില്‍ ഒരേ ഉത്തരവാദിത്തമാണുള്ളത്. ഒരു കെ.പി.സി.സി. പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണു തങ്ങള്‍ കടന്നുപോകുന്നത് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രസ്താവന വിലക്കിയിട്ടും ചില നേതാക്കള്‍ അത് വകവയ്ക്കുന്നില്ല. താനാണ് കെ. പി. സി. സി പ്രസിഡന്റ്. പാര്‍ട്ടി കാര്യങ്ങള്‍ പറയാന്‍ തന്നെയാണ് സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടി പറയും. വേദിയിലിരിക്കുന്നവരും സദസ്സില്‍ ഇരിക്കുന്നവരും കെ. പി. സി. സി പ്രസിഡന്റായാല്‍ ശരിയാകില്ല. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയാമെന്ന് കരുതരുത് – ഇതായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.

വിമര്‍ശം തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കിയ മുരളീധരന്‍ ഒന്നും മിണ്ടാതെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ മുരളി പിന്നീട് ലീഗിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കോഴിക്കോട്ടുവച്ച് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഒരുമിച്ച് കൈക്കൊണ്ട വെടിനിര്‍ത്തല്‍ തീരുമാനം ലീഗ് ലംഘിച്ചെന്ന് മുരളീധരന്‍ ആരോപിച്ചു. ഒരുമിച്ച് പോകണമെങ്കില്‍ ഒരുമിച്ച് പോകാം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി. കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ വഴി. ഒന്നിച്ചുപോയാല്‍ രണ്ടുപേര്‍ക്കും കൊള്ളാം. കൂടുതല്‍ സീറ്റുകിട്ടിയ കാലത്തും കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുള്‍പ്പെടെ പത്തുപേര്‍ മാത്രമേ മന്ത്രിസഭയില്‍ ഉണ്ടായിട്ടുള്ളൂ. സീറ്റുകൂടിയാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ എണ്ണം കൂട്ടാറില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലീഗിന് ആക്രാന്തം കൂടിയതുകൊണ്ടാണ് അവരുടെ മതേതര മുഖം നഷ്ടമായത്.

നാലു കിട്ടിയാലും അഞ്ചു വേണമെന്ന ആക്രാന്തമാണ് ലീഗിന്റെ മതേതര മുഖം നഷ്ടമാക്കിയത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷവും ലീഗ് നേതാക്കള്‍ തനിക്കും ആര്യാടനുമെതിരെ രംഗത്തുവന്നിരുന്നു. ലീഗിന്റെ എതിര്‍പ്പ് തനിക്ക് പ്രശ്‌നമല്ല. സൗഹൃദമെങ്കില്‍ സൗഹൃദം. ഇല്ലെങ്കില്‍ യുദ്ധത്തിനും തയാറാണ്. തന്റെ മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ ലീഗ് എന്നു പറയുന്ന ഒരു സാധനമേ ഇല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News in English

Advertisement