കോഴിക്കോട്: ചിലര്‍ കൂടെ നിന്ന് പാര പണിയുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. തിരുവനന്തപുരത്ത് വരുമ്പോള്‍ മാത്രം ഐക്യത്തെ കുറിച്ച് പറഞ്ഞാല്‍ പോര. അങ്ങനെ ചെയ്താല്‍ ഒറ്റക്കെട്ടാവില്ലെന്നും മുസ്‌ലീം ലീഗിന്റെ പേരെടുത്തു പറയാതെ മുരളീധരന്‍ വിമര്‍ശിച്ചു. മന്ത്രി ആര്യാടന് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കും ആര്യാടനുമെതിരെ പ്രകടനം നടത്തുകയാണ്. മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കുന്ന സമയത്ത് യുവജനസംഘടനാ നേതാക്കളെക്കൊണ്ട് അശ്ലീലം പറയിപ്പിക്കുകയാണ്. എന്നിട്ട് തിരുവനന്തപുരത്തെത്തി ഐക്യത്തെക്കുറിച്ച് പറയുകയും ചെയ്യും- മുരളീധരന്‍ പറഞ്ഞു.

ഇത് ഇങ്ങനെ തുടരുകയാണെങ്കില്‍ സംസ്ഥാന പ്രസിഡന്റിനെ കാണുമ്പോള്‍ അഖിലേന്ത്യാ പ്രസിഡന്റ് മടിക്കുത്തഴിക്കുന്ന പാര്‍ട്ടിയാണിതെന്ന് തങ്ങള്‍ക്ക് നാളെ പറയേണ്ടിവരുമെന്നും മുരളി മുന്നറിയിപ്പ് നല്‍കി. തല്‍ക്കാലം ഇപ്പോള്‍ അങ്ങനെ പറയുന്നില്ല- അദ്ദേഹം വ്യക്തമാക്കി.

ചിലര്‍ക്ക് സര്‍ക്കാര്‍ അനര്‍ഹമായത് നല്‍കി. അതിന്റെ പേരില്‍ ജാതി-മത സംഘര്‍ഷം നടക്കുകയാണ്. ഒരു സമുദായത്തിന്റെയും അവകാശം ഒരു പാര്‍ട്ടിക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ ഒരു മതവിഭാഗത്തില്‍ ജനിച്ചുവെന്ന കാരണംകൊണ്ട് ഒരു വിഭാഗത്തിനെ ശിക്ഷിക്കുന്നത് തെറ്റാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ ജനിച്ച സമുദായം പോലും എനിക്ക് ഭ്രഷ്ട് കല്‍പ്പിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴും അത് ശരിയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ ചിലര്‍ക്ക് അനര്‍ഹമായത് കൊടുത്തപ്പോള്‍ ഈ സമൂഹത്തില്‍ ഇന്ന് ജാതിയുടെയും മതത്തിന്റെയും പേരിലുളള അഭിപ്രായസംഘര്‍ഷങ്ങള്‍ ഉരുത്തിരിഞ്ഞിരിക്കുകയാണ്.’ മുരളി കുറ്റപ്പെടുത്തി.

പരസ്യപ്രസ്താവന പാടില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വിലക്ക് അവഗണിച്ചാണ് മുരളീധരന്‍ ലീഗിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.