കോഴിക്കോട്: സത്യപ്രതിജ്ഞാച്ചടങ്ങിന് ക്ഷണിച്ചില്ലെന്ന് കെ.മുരളീധരന്‍ പരാതിയുന്നയിച്ചതോടെ യു.ഡി.എഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു. ഇന്നലെ രാത്രി വരെ കാത്തിരുന്നെങ്കിലും സത്യപ്രതിജ്ഞയ്ക്ക് ആരും ക്ഷണിച്ചില്ലെന്നാണ് മുരളീധരന്‍ പരാതിയുന്നയിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം രാത്രിവരെ കാത്തിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ആരും ക്ഷണിച്ചില്ല. യു.ഡി.എഫ് സര്‍ക്കാര്‍ നിലനില്‍ക്കാന്‍ സഹായിക്കുന്ന എം.എല്‍.എയാണ് ഞാന്‍. കോണ്‍ഗ്രസില്‍ നേതാക്കളാരും തന്നെ എന്നെ വിളിച്ചിട്ടില്ല. കെ.കരുണാകരന്റെ ചിത്രം ഓടയിലെറിഞ്ഞ് അധിക്ഷേപിച്ചവര്‍ക്കുപോലും മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.

താന്‍ മന്ത്രിയാകുന്നതില്‍ എന്‍.എസ്.എസിന് എതിര്‍പ്പുണ്ടാകുമെന്ന് കരുതുന്നില്ല. എല്ലാ സമുദായസംഘടനകളോടും സൗഹാര്‍ദ്ദനിലപാടുകളാണ് എനിക്കുള്ളത്. തിരഞ്ഞെടുപ്പില്‍ ചില സംഘടനകള്‍ എന്നെ സഹായിച്ചിട്ടുണ്ട്. സഹായിച്ചവരോട് നന്ദിയുണ്ട്. എന്നാല്‍ എതിര്‍ത്ത സംഘടനകളോട് വിവേചനപരമായ നിലപാട് തനിക്കില്ലെന്നും കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ മുരളീധരന്‍ വ്യക്തമാക്കി.

എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ചുകൊല്ലം ഭരിക്കുമെന്നും നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാറിന് പിന്തുണയുമായി രംഗത്തുണ്ടാവുമെന്നും മുരളീധരന്‍ പറഞ്ഞു. അതിനിടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാ എം.എല്‍.എമാരെയും ക്ഷണിച്ചിട്ടുണ്ടെന്നും ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അനൗദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്.